ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരുടെ ലിസ്റ്റിലേക്ക് കണ്ണുംപൂട്ടി തെരഞ്ഞെടുക്കാന്‍ പറ്റുന്ന മലയാളി താരമാണ് ഫഹദ് ഫാസില്‍. ആദ്യ സിനിമയിലെ പെര്‍ഫോമന്‍സിന് ഒരുപാട് വിമര്‍ശനം കേള്‍ക്കേണ്ടി വന്ന ഫഹദ് തിരിച്ചുവരവിലെ ഓരോ സിനിമയിലും പ്രേക്ഷകരെ ഞെട്ടിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഫഹദിന് സാധിച്ചു.
ആദ്യസിനിമയിലെ പ്രകടനത്തിന് കളിയാക്കലുകള്‍ നേരിടേണ്ടി വന്ന താരം മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് രണ്ട് വട്ടം തന്റെ ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്. മികച്ച സഹടനുള്ള ദേശീയ പുരസ്‌കാരവും ഫഹദിനെ തേടിയെത്തിയിട്ടുണ്ട്. ഫഹദ് നായകനായെത്തുന്ന തെലുങ്ക് ചിത്രം ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ ഈയാഴ്ച തിയേറ്ററുകളിലെത്തുകയാണ്.
തെലുങ്കില്‍ ഫഹദ് സോളോ ഹീറോയാകുന്ന ആദ്യചിത്രമാണിത്. രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആദ്യസിനിമ ചെയ്തതിന് ശേഷമുള്ള ബ്രേക്കിനെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ്. ആദ്യ സിനിമ റിലീസ് ചെയ്തിട്ട് 24 വര്‍ഷമായെന്ന് താരം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പതിനെട്ടാമത്തെയോ പത്തൊമ്പതമാത്തെയോ വയസിലാണ് ആദ്യത്തെ സിനിമ ചെയ്യുന്നത്. എന്നാല്‍ ആ സിനിമ ഒട്ടും വര്‍ക്കായില്ല. 2002- 03 വര്‍ഷത്തില്‍ ഇന്ത്യയിലെ പല സംവിധായകരും അവരുടെ മക്കളെ നടന്മാരാക്കുന്ന സമയത്തായിരുന്നു എന്റെയും എന്‍ട്രി. പക്ഷേ, എന്തുകൊണ്ടോ അത് വര്‍ക്കായില്ല. ഞാന്‍ ഒരുമാതിരി അവസ്ഥയിലായി.
പിന്നീട് ഞാന്‍ എല്ലാം വിട്ട് അമേരിക്കയിലേക്ക് പോയി. അവിടെ എന്‍ജിനീയറിങ് പഠനവും ബാക്കി കാര്യങ്ങളുമായി മുന്നോട്ട് പോയി. പിന്നീട് ഫിലോസഫിയൊക്കെ പഠിച്ച് നില്‍ക്കുന്ന സമയത്ത് അവിടുത്തെ ഫ്രണ്ട്‌സിലൂടെ വേള്‍ഡ് ക്ലാസിക് സിനിമകളിലേക്ക് കടക്കുകയായിരുന്നു. അങ്ങനെയാണ് തിരിച്ചുവന്ന് ഒരു സിനിമ ചെയ്തത്. ഇപ്പോള്‍ 66ാമത്തെ സിനിമയിലെത്തി നില്‍ക്കുകയാണ്,’ ഫഹദ് ഫാസില്‍ പറയുന്നു.
നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഫാന്റസി എന്റര്‍ടൈനറാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍. സൂരി എന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്ക് സാറ എന്ന മാജിക്ക് അറിയാവുന്ന പെണ്‍കുട്ടി കടന്നുവരുന്നതും പിന്നീട് നടക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ കഥ. തെലുങ്കിന് പുറമെ തമിഴ്, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlight: Fahadh Faasil about the seven years gap in his career