| Sunday, 4th October 2026, 9:13 am

ഫാസിലിന്റെ മകന്‍, അല്ലെങ്കില്‍ നസ്രിയയുടെ ഹസ്ബന്‍ഡ്, അങ്ങനെ അറിയപ്പെടാനാണ് എനിക്കിഷ്ടം: ഫഹദ് ഫാസില്‍

അമര്‍നാഥ് എം.

മലയാളത്തിലെ ലെജന്‍ഡറി ഫിലിംമേക്കര്‍ ഫാസിലിന്റെ മകന്‍ എന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ഫഹദ് ഫാസില്‍. എന്നാല്‍ ആദ്യസിനിമ ഫഹദിന് അത്ര നല്ല അനുഭവമല്ല സമ്മാനിച്ചത്. മകനെ നായകനാക്കി ഫാസില്‍ അണിയിച്ചൊരുക്കിയ കൈയെത്തും ദൂരത്ത് പ്രേക്ഷകരെ നിരാശപ്പെടുത്തി. പുതുമുഖമായ ഫഹദ് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തു. പിന്നീട് ഏഴ് വര്‍ഷത്തോളം ഇടവേളയെടുത്ത താരം തിരിച്ചുവരവില്‍ ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായി മാറുകയായിരുന്നു.

കേരളത്തിന് പുറത്ത് പല ആര്‍ട്ടിസ്റ്റുകളുടെയും ചര്‍ച്ചയില്‍ ഫഹദിന്റെ പ്രകടനം എപ്പോഴും എടുത്തുപറയുന്ന രീതിയിലേക്ക് താരം വളര്‍ന്നു. നടനായും താരമായും ഒരുപോലെ തിളങ്ങുന്ന ഫഹദ് നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തം ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്. ഓഫ് സ്‌ക്രീനിലും പെരുമാറ്റം കൊണ്ട് ഫഹദ് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി.

സിനിമയെ പ്രൊഫഷനായി കാണുന്ന ഫഹദ് പല കാര്യങ്ങളിലും വ്യത്യസ്തനാണ്. തനിക്ക് ഫാന്‍സ് ക്ലബ്ബൊന്നും ആവശ്യമില്ലെന്ന് പറഞ്ഞതെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഫാന്‍സ് ക്ലബ്ബിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. മനപൂര്‍വം എടുത്ത തീരുമാനമാണ് അതെന്നും ഫാന്‍സ് അസോസിയേഷന്റെ പ്രവൃത്തികളെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്നും ഫഹദ് പറഞ്ഞു. രേഖ മേനോനോട് സംസാരിക്കുകയായിരുന്നു താരം.

‘ഈ ഫാന്‍സ് അസോസിയേഷനും ബാക്കി കാര്യങ്ങളും എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നതെന്ന് ഇപ്പോഴും എനിക്കറിയില്ല. അതുകൊണ്ടാണ് അത്തരം കാര്യങ്ങള്‍ വേണ്ടെന്ന് വെച്ചത്. ഇപ്പോഴും ആ തീരുമാനത്തില്‍ മാറ്റമില്ല. ഫാസിലിന്റെ മകന്‍ അല്ലെങ്കില്‍ നസ്രിയയുടെ ഹസ്ബന്‍ഡ്, അങ്ങനെ അറിയപ്പെടാനാണ് എനിക്കിഷ്ടം. അതാണ് എനിക്ക് തൃപ്തി തരുന്നത്.

എന്റെ സിനിമ കാണുക, അത് കഴിഞ്ഞ് എന്നെക്കുറിച്ച് കൂടുതല്‍ ആലോചിക്കരുത്. ഞാന്‍ എന്ത് ചെയ്യുന്നെന്നോ അങ്ങനെയൊന്നും ആലോചിക്കേണ്ട കാര്യമില്ല. സിനിമ ഇഷ്ടപ്പെടണമെന്ന് മാത്രമേയുള്ളൂ. എനിക്ക് മാത്രമല്ല, എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ആഗ്രഹം അതുതന്നെയാകും. അല്ലാതെ ബാക്കി കാര്യങ്ങളോട് ഒരിക്കലും താത്പര്യം തോന്നിയിട്ടില്ല,’ ഫഹദ് പറയുന്നു.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. വന്‍ ബജറ്റിലൊരുങ്ങിയ ഫാന്റസി ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയ നിര്‍മിച്ച ചിത്രം തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

Content Highlight: Fahadh Faasil about his life beyond cinema

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more