| Thursday, 9th July 2026, 8:02 am

ആവേശത്തിന് ശേഷം ആവേശമില്ലാതെ ഫഹദ്; ചര്‍ച്ചയാക്കി സിനിമാ ഗ്രൂപ്പുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

സിനിമയെ സ്വപ്‌നം കാണുന്ന യുവാക്കള്‍ക്ക് എന്നും പ്രചോദനമേകുന്ന അഭിനേതാവാണ് ഫഹദ് ഫാസില്‍. മലയാളത്തിലെ സീനിയര്‍ സംവിധായകന്‍ ഫാസിലിന്റെ മകനെങ്കിലും സിനിമയിലേക്കുള്ള ആദ്യ വരവ് ഫഹദിനെ സംബന്ധിച്ച് ശുഭകരമായിരുന്നില്ല. 2002ല്‍ ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ഫഹദ് അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രത്തിലെ അഭിനയത്തിന് താരത്തിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയായിരുന്നു.

ശേഷം നീണ്ട ഇടവേളയെടുത്ത ഫഹദ് കേരള കഫേ എന്ന ആന്തോളജിയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയും 2011 ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശ്, അകം തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടുകയും ചെയ്തായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നല്‍കിയത്.

കുമ്പളങ്ങി നൈറ്റ്‌സ്. Photo: X.com

പിന്നീട് ഒട്ടനവധി ചിത്രങ്ങളില്‍ വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളിലൂടെ കഴിവ് തെളിയിച്ച ഫഹദ് കുറഞ്ഞ കാലം കൊണ്ട് മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. ഒരു ഇന്ത്യന്‍ പ്രണയകഥ, കുമ്പളങ്ങി നൈറ്റ്‌സ്, നോര്‍ത്ത് 24 കാതം തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ താരം പാന്‍ ഇന്ത്യന്‍ ചിത്രമായ പുഷ്പയിലൂടെയും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ കരിയറില്‍ തന്നെ വലിയ വിജയം സമ്മാനിച്ച ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ ജിത്തു മാധവന്‍ ചിത്രം ആവേശം.

രംഗ എന്ന കഥാപാത്രമായി ഫഹദ് ഏവരെയും ഞെട്ടിച്ച ചിത്രം 150 കോടിയോളമായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. എന്നാല്‍ ചിത്രത്തിന് ശേഷം താരത്തിന് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ലെന്ന കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആവേശത്തിലെ ഉജ്ജ്വല പ്രകടനത്തിന് ശേഷം താരം നായകനായെത്തിയ തമിഴ് ചിത്രം മാരീശനും മലയാളം ചിത്രം ഓടും കുതിര ചാടും കുതിരയും ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായി മാറുകയായിരുന്നു. ഇതോടൊപ്പം തന്നെ താരം പ്രത്യക്ഷപ്പെട്ട രജിനിയുടെ വേട്ടയ്യന്‍, അമല്‍ നീരദ് ചിത്രം ബോഗന്‍ വില്ല, മള്‍ട്ടി സ്റ്റാര്‍ ചിത്രം പേട്രിയറ്റ്, തുടങ്ങിയവയെല്ലാം നിരാശയായിരുന്നു സമ്മാനിച്ചത്.

ആവേശം. Photo: X.com

ഏറെ പ്രതീക്ഷയോടെ, വമ്പന്‍ ഹൈപ്പില്‍, പാന്‍ ഇന്ത്യന്‍ തലത്തില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു അല്ലു അര്‍ജുന്റെ പുഷ്പ 2. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ പുഷ്പയെ വിറപ്പിച്ച ബന്‍വര്‍ സിങ് ഷെക്കാവത് എന്ന കഥാപാത്രം രണ്ടാം ഭാഗത്തില്‍ കോമഡി പീസ് ആയതോടെ ഫഹദിന്റെ പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും കാര്യമായി ഇടിവ് വന്നു.

വലിയ റെക്കഗ്നീഷന്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ലഭിച്ചിട്ടും ഇത് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത താരത്തിന്റെ അവസ്ഥയെ കുറിച്ച് സിനിമാ പേജുകളിലും ചര്‍ച്ച സജീവമാണ്. വലിയ പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളൊന്നും തന്നെ വരാനില്ലാത്തതും ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്.

Content Highlight: Fahad Fazil fails to give hit films after Aavesham movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more