ആദ്യ സിനിമയിലെ പരാജയത്തിന് ശേഷം മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ നടനാണ് ഫഹദ് ഫാസിൽ. പിന്നീടിങ്ങോട്ട് തന്റെ അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് നടൻ.
ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ തനിക്കുണ്ടായ എല്ലാ മാറ്റവും തന്റെ ലൈഫിലെ എല്ലാ മാജിക്കും ഉണ്ടായിരിക്കുന്നത് മലയാള സിനിമയിൽ ആണെന്ന് ഫഹദ് പറയുന്നു.
തനിക്ക് എന്തെങ്കിലും മാറ്റം ഉണ്ടായാൽ തന്നെ അത് മലയാള സിനിമയിൽ ആയിരിക്കണമെന്നാണ് ആഗ്രഹമെന്നും ഫഹദ് കൂട്ടിച്ചേർത്തു.
അതിന് വേണ്ടി താൻ കേരളത്തിന് പുറത്ത് പോയി ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ആവേശത്തിന്റെ കോൺഫിഡൻസിന് കാരണം അൻവർ റഷീദും നസ്‌റിയയും ആണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഓടും കുതിര ചാടും കുതിര സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യൻ അന്തിക്കാട് ഒരിക്കൽ തന്നോട് പറഞ്ഞ കാര്യത്തെക്കുറിച്ചും ഫഹദ് സംസാരിച്ചു.
‘സത്യേട്ടൻ സമൂഹം എന്ന സിനിമ ചെയ്യുമ്പോൾ സുഹാസിനി മാം അഭിനയിക്കുന്നുണ്ട്. സുഹാസിനി മാമിനെ കാണാൻ മണി സാർ അവിടെ വന്നു.
മണി സാറ് അപ്പോൾ ചെയ്ത സിനിമ അത്ര വലിയ ഹിറ്റൊന്നും അല്ലായിരുന്നു. അപ്പോൾ സത്യേട്ടൻ മണിസാറിനോട് സംസാരിക്കുമ്പോൾ, മണി സാറ് പറഞ്ഞു ‘എല്ലാവരും ചോദിക്കുന്നു കഴിഞ്ഞ പടം അത്ര ഹിറ്റാല്ലായിരുന്നല്ലോ, എന്ത് പറ്റിയെന്ന്. എന്തുപറ്റുമെന്ന് അറിയാമെങ്കിൽ ഞാനത് ചെയ്യുമായിരുന്നോ’ എന്ന്,’ ഫഹദ് പറയുന്നു.
താൻ അങ്ങനെ എല്ലാം അറിയുന്ന ആരെയും കണ്ടുമുട്ടിയിട്ടില്ലെന്നും ഓഡിയൻസിന് ഇഷ്ടപ്പെടുന്ന സിനിമ എടുക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Fahad Fasil Talking about Malayalam Cinema Magic