| Thursday, 24th July 2025, 7:00 pm

ഇയ്യോബിന്റെ പുസ്തകം ഇന്ന് ചെയ്യേണ്ട ചിത്രം; ഒരുവട്ടം കൂടി ചെയ്യാന്‍ ആഗ്രഹമുണ്ട്: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇറങ്ങിയ സമയത്ത് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയും എന്നാല്‍ പിന്നീട് നിരവധി നിരൂപക പ്രശംസകള്‍ നേടുകയും ചെയ്ത ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ മലയാളായി സിനിമ പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ ചലച്ചിത്രാനുഭവമായിരുന്നു.

അലോഷി ഗോമ്പറായി ഫഹദ് എത്തിയ ചിത്രത്തില്‍ പത്മപ്രിയ, ലാല്‍, ജയസൂര്യ, ഇഷ ഷര്‍വാണി, റീനു മാത്യൂസ്, അമിത്ത് ചക്കാലക്കല്‍, ലെന തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. ഇപ്പോള്‍ ഇയ്യോബിന്റെ പുസ്തകം വീണ്ടും ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍.

താനും സംവിധായകന്‍ അമല്‍ നീരദും സ്ഥിരമായി ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടെന്നും ഇന്നത്തെ കാലത്ത് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു അതെന്നും ഫഹദ് പറയുന്നു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും അമലും എപ്പോഴും ഒരു കാര്യത്തെ കുറിച്ചാണ് സംസാരിക്കാറുള്ളത്. ഒന്നുകൂടി ഇയ്യോബിന്റെ പുസ്തകം ചെയ്യുന്നതിനെ പറ്റിയാണ് ഞങ്ങളുടെ ആ സംസാരം. ഇയ്യോബിന്റെ പുസ്തകം ഇപ്പോഴാണ് ചെയ്യേണ്ടതെന്ന് അമല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് ആ സമയത്ത് നമുക്ക് ലഭിക്കുന്ന ടെക്‌നിക്കല്‍ ഹെല്‍പ്പിനെല്ലാം ഒരു പരിധിയുണ്ട്. അന്നൊക്കെ ഒരു ബിഗ് ബഡ്ജറ്റ് സിനിമ എന്ന് പറയുന്നത് വലിയ കാര്യമാണ്.

ഇന്നാണെങ്കില്‍ നമുക്ക് അമ്പത് കോടിയില്‍ ഒരു മലയാളം സിനിമയെല്ലാം ചെയ്യാം. അന്ന് അത്രയും ബഡ്ജറ്റില്‍ ഒരു മലയാളം സിനിമ നിര്‍മിക്കുന്നതെല്ലാം നമ്മുടെ ചിന്താ പരിധിക്കും അപ്പുറമാണ്. അന്ന് ആ സിനിമക്ക് വേണ്ടി എന്റെ മാക്‌സിമം ചെയ്തെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്നെനിക്ക് ലഭിച്ച സോഴ്‌സ് എല്ലാം വെച്ച് ആവശ്യത്തിന് റിസേര്‍ച്ച് എല്ലാം നടത്തിയിരുന്നു. എന്നാല്‍ ഇന്നെനിക്ക് അത് പോരാ എന്ന് തോന്നിയിട്ടുണ്ട്,’ ഫഹദ് ഫാസില്‍ പറയുന്നു.

Content Highlight: Fahad Faasil Talks About Iyobinte Pusthakam Movie

We use cookies to give you the best possible experience. Learn more