| Wednesday, 22nd April 2026, 3:30 pm

അവന്‍ ഗെയ്‌ലിനെ പോലെ അപകടകാരിയാണ്: സൂപ്പര്‍താരത്തെ പുകഴ്ത്തി ഫാഫ്

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കൂറ്റന്‍ വിജയമാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിനാണ് ഹൈദരാബാദ് വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മാത്രമാണ് നേടിയത്. ഓറഞ്ച് ആര്‍മിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

സെഞ്ച്വറി നേടി തിളങ്ങിയ ഹൈദരാബാദ് താരം അഭിഷേക് ശര്‍മയാണ് കളിയിലെ താരം. നേരിട്ട 47ാം പന്തില്‍ സെഞ്ച്വറിയടിച്ചാണ് താരം മിന്നിത്തിളങ്ങിയത്. 68 പന്തില്‍ 10 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 135* റണ്‍സ് നേടി പുറത്താകാതെയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിത്.198.53 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ഇപ്പോള്‍ ഈ തകര്‍പ്പന്‍ പ്രകടങ്ങങ്ങള്‍ക്ക് പിന്നാലെ അഭിഷേക് ശര്‍മയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ്. അഭിഷേകിനെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യുകയായിരിരുന്നു ഫാഫ്. ഫ്‌ലാറ്റ് പിച്ചില്‍ അഭിഷേക് ഗെയ്ലിനെ പോലെ അപകടകാരിയാണെന്നാണ് ഫാഫ് പറഞ്ഞത്. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലൂടെ സംസാരിക്കുകയായിരുന്നു ഫാഫ്.

‘അത് അത്ഭുതകരമായ ബാറ്റിങ് ആയിരുന്നു. അവന് കരുത്ത് തിരികെ ലഭിച്ചു. ഓഫ് സ്പിന്‍ കണ്ടപ്പോള്‍ പിച്ച് വളരെ എളുപ്പമുള്ളതാണെന്ന് മനസിലായി. പന്ത് സ്ലിപ്പ് ചെയ്തു സ്വിങ് ഉണ്ടായിരുന്നില്ല. ഇങ്ങനെയൊരു പിച്ചില്‍ അഭിഷേക് മികച്ച താരമാകും. കാരണം ബൗളര്‍മാരെ പിച്ച് പിന്തുണക്കുന്നില്ല. പിച്ച് വളരെ എളുപ്പമാണെങ്കിലും അദ്ദേഹം ശക്തമായി അടിക്കും. കഴിഞ്ഞ രണ്ട് മൂന്ന് സീസണുകളിലായി ഹൈദരാബാദിന്റെ ഓപ്പണിങ് കൂട്ടുകെട്ട് അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഫ്‌ലാറ്റ് പിച്ചില്‍ അദ്ദേഹം ക്രിസ് ഗെയ്‌ലിനെ പോലെ അപകടകാരിയാണ്. ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തെ തടയുക ബുദ്ധിമുട്ടാണ്’, ഫാഫ് ഡുപ്ലെസിസ് പറഞ്ഞു.

അതേസമയം അഭിഷേകിന്റെ സെഞ്ച്വറി കരുത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ കൂറ്റന്‍ ടോട്ടല്‍ പിന്തുടരാനിറങ്ങിയ ദല്‍ഹിക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് നിതീഷ് റാണയാണ്. ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 30 പന്തില്‍ 57 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. 23 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 37 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. സമീര്‍ റിസ്വി 28 പന്തില്‍ 41 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 16 പന്തില്‍ 26 റണ്‍സും നേടി. നാല് വിക്കറ്റ് നേടിയ ഹൈദരാബാദ് സൂപ്പര്‍ പേസര്‍ ഈഷന്‍ മലിംഗയുടെ പ്രകടനമാണ് ദല്‍ഹിയെ തകര്‍ക്കാന്‍ സഹായിച്ചത്.

Content Highlight: Faf Duplesis talks about Abhishek Sharma

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more