| Thursday, 5th March 2026, 10:12 am

സഞ്ജുവിനെ ഇങ്ങനെ നേരിടൂ; ആര്‍ച്ചര്‍ക്ക് ഉപദേശവുമായി ഡുപ്ലെസി

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇന്ന് (മാര്‍ച്ച് അഞ്ച്) വൈകുന്നേരം ഏഴ് മണിക്കാണ് നീലപ്പട ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

ഇന്ത്യയെ സെമിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായ ഇന്നിങ്സ് കളിച്ച സഞ്ജു സാംസണ്‍ തന്നെയായിരിക്കും മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രം. താരത്തെ നേരിടാന്‍ ഇംഗ്ലണ്ട് പദ്ധതികള്‍ ഒരുക്കുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ ഇംഗ്ലണ്ട് താരം ആര്‍ച്ചര്‍ക്ക് സഞ്ജുവിനെ എങ്ങനെ നേരിടാമെന്ന ഉപദേശം നല്‍കുകയാണ് മുന്‍ സൗത്ത് ആഫ്രിക്ക ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി.

ഫാഫ് ഡുപ്ലെസി. Photo: Mufaddal Vohra/x.com

140 കിലോമീറ്ററിന് മുകളില്‍ വേഗതയുള്ള പന്തുകള്‍ സഞ്ജുവിനെ സമ്മര്‍ദത്തിലാക്കുമെന്നും ജോഫ്ര ആര്‍ച്ചര്‍ താരത്തിനെതിരെ വേഗതയുള്ള ഷോട്ട് ബോളുകള്‍ എറിയണമെന്നും അദ്ദേഹം പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു ഡുപ്ലെസി.

‘നല്ല വേഗതയുള്ള പന്തുകള്‍ക്ക് സഞ്ജു സാംസണിനെ സമ്മര്‍ദത്തിലാക്കാന്‍ സാധിക്കും. 140 കിലോമീറ്ററിന് മുകളില്‍ വേഗതയുള്ള ഷോട്ട് ബോളുകള്‍ എറിഞ്ഞാല്‍ അവനെ ആക്രമിക്കാം. അത് അവന്റെ ഒരു ബലഹീനതയാണ്. ഇംഗ്ലണ്ടിന്റെ ഇക്കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടാകും.

അതിനാല്‍ ജോഫ്ര ആര്‍ച്ചര്‍ അവനെതിരെ ഷോര്‍ട്ട് ബോളുകള്‍ എറിയണം. സഞ്ജുവിനെ അത് ആശയകുഴപ്പത്തിലാക്കും. ഈ പന്തുകള്‍ എങ്ങനെ നേരിടണമെന്നതാവും സഞ്ജുവിന് മുന്നിലെ ചോദ്യം. ആ പന്തുകളെ ആക്രമിക്കണോ അതോ കരുതലോടെ കളിച്ച് മറ്റ് ബൗളര്‍മാരെ നേരിടണോ എന്നത് അവനാണ് തീരുമാനിക്കേണ്ടത്,’ ഡുപ്ലെസി പറഞ്ഞു.

സഞ്ജു സാംസണും ജോഫ്ര ആർച്ചറും. Photo: BCCI & ICC/x.com

2025ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ സഞ്ജുവിന് അഞ്ച് മത്സരങ്ങളില്‍ 51 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചിരിക്കുന്നത്. ആ പരമ്പരയില്‍ മൂന്ന് തവണയാണ് താരം ആര്‍ച്ചര്‍ക്ക് മുന്നില്‍ വീണത്. ഇത് കൂടി പരിഗണിച്ചാണ് ഡുപ്ലെസിയുടെ പ്രതികരണം.

Content Highlight: Faf Du Plessis says  short ball is a weakness of Sanju Samson and advice Jofra Archer use it to target him

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more