| Monday, 7th July 2025, 1:25 pm

കിങ്ങിനെ തൂക്കിയടിച്ച് ഡുപ്ലെസി; ഇവന്റെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് രോഹിത് അടക്കമുള്ള വെടിക്കെട്ട് വീരന്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് ക്രിക്കറ്റില്‍ കഴിഞ്ഞ ദിവസം (ഞായര്‍) നടന്ന മത്സരത്തില്‍ സീറ്റല്‍ ഓര്‍ക്കാസിനെതിരെ ടെക്‌സാസ് സൂപ്പര്‍ കിങ്‌സ് വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സെട്രല്‍ ബ്രൊവേര്‍ഡ് റീയിയണല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 51 റണ്‍സിനാണ് ടെക്‌സാസ് വിജയിച്ചത്. ഇതോടെ ടൂര്‍ണമെന്റിന്റെ നോക്ക് ഔട്ട് ഘട്ടത്തിലേക്ക് എത്താനും സൂപ്പര്‍ കിങ്‌സിന് സാധിച്ചു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൂപ്പര്‍ കിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടിക്ക് ഇറങ്ങിയ സീറ്റല്‍ 137 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

സൂപ്പര്‍കിങ്‌സിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയായിരുന്നു. 52 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 91 റണ്‍സാണ് താരം നേടിയത്. റിട്ടയേഡ് ഔട്ടായി പുറത്താകുകയായിരുന്നു താരം.

175.00 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം ഒരു വെടിക്കെട്ട് റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ടി-20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ഫാഫ് നേടിയത്. ഈ റെക്കോഡില്‍ സാക്ഷാല്‍ വിരാട് കോഹ്‌ലിയെ വെട്ടിയാണ് ഫാഫ് ഒന്നാമനായത്.

ടി-20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്

ഫാഫ് ഡുപ്ലെസി – 6575

വിരാട് കോഹ്‌ലി – 6564

ജെയിംസ് വിന്‍സ് – 6358

എം.എസ്. ധോണി – 6283

രോഹിത് ശര്‍മ – 6064

മത്സരത്തില്‍ ഫാഫിന് പുറമെ നാലാമനായി ഇറങ്ങിയ ശുഭം രഞ്ജാനെ 41 പന്തില്‍ 65 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍ സ്മിത് പട്ടേല്‍ 18 റണ്‍സും നേടി. സീറ്റില്‍ ഓര്‍ക്കാസിന് വേണ്ടി 35 റണ്‍സ് നേടിയ കൈല്‍ മയേഴ്‌സാണ് ടോപ്പ് സ്‌കോറര്‍. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 26 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

Content Highlight: Faf Du Plessis In Great Record Achievement In T-20 Format

We use cookies to give you the best possible experience. Learn more