കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിനെത്തിയ മനിതി സംഘത്തിലെ വിജയലക്ഷ്മിയെ സംഘപരിവാര്‍ പ്രവര്‍ത്തകയാക്കി വ്യാജ പ്രചരണം. മധുരൈ ഹൈക്കോടതിയിലെ അഭിഭാഷക കൂടിയായ വിജയലക്ഷ്മിയുടെ ശബരിമല ദര്‍ശനത്തിന് പിന്നില്‍ സംഘപരിവാറെന്നാണ് സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്.
ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയുടെ കൂടെ നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രവും ശബരിമല ദര്‍ശനത്തിന് വന്ന മനിതി സംഘാംഗത്തിന്റെ ചിത്രവും ഫോട്ടോഷോപ്പ് ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. മനിതി സംഘത്തിന്റെ പിന്നിലും സംഘപരിവാര്‍? എന്ന അടിക്കുറിപ്പോടെയാണ് പ്രചരണം. എന്നാല്‍ അനുചന്ദ്രയുടെ കൂടെ നില്‍ക്കുന്ന സ്ത്രീ മനിതി സംഘത്തിലുള്ള വിജയലക്ഷ്മിയല്ലെന്ന് ചിത്രത്തില്‍ നിന്ന് തന്നെ വ്യക്തമാണ്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധി മുന്‍ നിര്‍ത്തി കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പതിനൊന്നംഗ സംഘം ദര്‍ശനത്തിനെത്തിയത്. ആ സംഘത്തിലുണ്ടായിരുന്നയാളാണ് വിജയല്ക്ഷ്മി.
എന്നാല്‍ സംഘ്പരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് സംഘത്തിന് മടങ്ങേണ്ടി വരികയായിരുന്നു. തമിഴ്നാട്ടിലെ മനിതി കൂട്ടായ്മയുടെ നേതൃത്വത്തിലെത്തിയ 11 അംഗ സംഘത്തിനാണ് തിരിച്ചു പോകേണ്ടി വന്നത്. പൊലീസുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പമ്പയിലെത്തിയ സംഘം മടങ്ങിയത്. പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചതാണെന്നായിരുന്നു മനിതി പ്രവര്‍ത്തകരുടെ ആരോപണം.
അതിന് പിന്നാലെയാണ് മനിതി സംഘത്തിന് പിന്നില്‍ സംഘപരിവാറാണെന്ന തരത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ മനിതി സംഘം സാക്കിര്‍ നായ്ക്കിന്റെ അനുയായികളാണെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണനും ഇവര്‍ക്ക് പിന്നില്‍ ഭീകരസംഘടനയാണെന്ന് ബി.ജെ.പി സംസ്ഥാ പ്രസിഡന്റ് ശ്രീധരന്‍ പിള്ളയും ആരോപിച്ചിരുന്നു.