കേരള രാഷ്ട്രീയത്തിലെ അതികായനായ പിണറായി വിജയനും സിനിമയിലൂടെ മലയാളത്തെ ഉയരങ്ങളിലെത്തിച്ച മോഹന്‍ലാലും തമ്മിലുള്ള കൂടിക്കാഴ്ച്ചയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ ശേഷിക്കേ മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹന്‍ലാല്‍ നടത്തിയ ഇരുവര്‍ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ ടീസര്‍ പുറത്തുവന്നതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നത്.
ഇരുവര്‍ അഭിമുഖം. Photo: Christopher Kanagaraj/ x.com
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചും അനുകൂലിച്ചും ഒട്ടനവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ നിന്നെല്ലാം വ്യത്യസ്തമായി മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ത്രില്ലര്‍ ചിത്രം ദൃശ്യം 3യുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഡോ. മനോജ് വെള്ളനാട് പങ്കുവെച്ച പോസ്റ്റിലാണ് ക്ലാസിക് കഥാപാത്രം ജോര്‍ജ് കുട്ടിയും മുഖ്യമന്ത്രിയും തമ്മിലുള്ള സംഭാഷണമെന്ന ആശയം ഉടലെടുത്തത്.
ഈ വരുന്ന ഏപ്രില്‍ നമുക്ക് രണ്ട് പേര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണല്ലോ, ഞാനും ടെന്‍ഷനിലാണെന്ന് ജോര്‍ജ് കുട്ടിയുടെ അഥവാ മോഹന്‍ലാലിന്റെ സംഭാഷണത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ദൃശ്യം 3 യുടെ റിലീസും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ഉദ്ദേശിച്ചാണ് ഇത്തരത്തിലൊരു സംഭാഷണം. ഇത് കേള്‍ക്കുന്ന പിണറായി എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ല എന്ന തന്റെ പതിവ് ശൈലിയിലാണ് മറുപടി പറയുന്നത്. ഇതിന് മറുപടി പറയുന്ന ജോര്‍ജ് കുട്ടിയുടെ വാക്കുകളാണ് രസകരം. ടെന്‍ഷന്‍ വേണ്ടെന്നും സാര്‍ മൂന്നാമതും ഭരണത്തില്‍ തുടരുമെന്നുള്ള പ്രതീക്ഷ ലാലിന്റെ കഥാപാത്രം നല്‍കുന്നു. തുടര്‍ന്ന് താങ്കളെന്തിനാണ് ടെന്‍ഷനടിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് 2013 മുതല്‍ താനും തന്റെ കുടുംബവും അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ലാല്‍ മനസ് തുറക്കുന്നു.
എന്നാല്‍ കേസിന്റെ കാര്യങ്ങളില്‍ താന്‍ ഇടപെടില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പിണറായി തന്റെ നിലപാട് വ്യക്തമാക്കുന്നു. കേരളത്തിനെതിരെ കേരള സ്റ്റോറി എന്ന ചിത്രമിറങ്ങിയപ്പോളും കേന്ദ്രം അനധികൃതമായി ഫണ്ട് തടഞ്ഞ് സംസ്ഥാനത്തെ ബുദ്ധിമുട്ടിച്ചപ്പോഴും സാര്‍ പ്രതിരോധിച്ച പോലെ തന്റെ കുടുംബത്തെ താനും സംരക്ഷിക്കുമെന്ന് വെറുമൊരു നാലാം ക്ലാസുകാരനായ ജോര്‍ജ്കുട്ടി പറയുന്നു. പക്ഷേ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ ഇരട്ടച്ചങ്കന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പിണറായി വിജയന്‍ യാതൊരു വിധത്തിലുള്ള വികാരങ്ങള്‍ക്കും വഴങ്ങാതെ പൊലീസ് അവരുടെ പണി ചെയ്യും മിസ്റ്റര്‍ ജോര്‍ജ്കുട്ടി എന്ന് വ്യക്തമാക്കുന്നുണ്ട്.
എന്തായാലും ദൃശ്യം 3യും പിണറായി 3യും അതിഗംഭീരമാകുമെന്ന് പ്രത്യാശിക്കുന്ന ലാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഗവണ്‍മെന്റിന്റെ നേട്ടങ്ങളായ അതിദാരിദ്ര്യ നിര്‍മാജ്ജനം, ലൈഫ് മിഷന്‍ പദ്ധതി തുടങ്ങിയവയും ഓഖി, നിപ്പ, പ്രളയം,കോവിഡ്, ചൂരല്‍മല പുനരധിവാസം തുടങ്ങിയ പദ്ധതികളെയും പ്രശംസിക്കുന്നുണ്ട്. എങ്കിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി മൂന്നാം തവണയും സാര്‍ തുടരണം എന്ന് ജോര്‍ജ്കുട്ടി ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഇത് കേട്ട് ദൃശ്യം 3 വലിയ വിജയമാകട്ടെ എന്ന ആശംസയാണ് തിരിച്ച് ലാലിന് മുഖ്യമന്ത്രി നല്‍കുന്നത്. ഇതോടെ പോസ്റ്റ് അവസാനിക്കുന്നു.
ദൃശ്യം 3 പോസ്റ്ററില്‍ നിന്നും. Photo: Reddit
അതേസമയം പോസ്റ്റ് നലവിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കണ്ടാല്‍ ഉടന്‍ പത്രസമ്മേളനം വിളിച്ച് വരുണ്‍ കേസ് അട്ടിമറിക്കാന്‍ ജോര്‍ജ്കുട്ടി മുഖ്യമന്ത്രിയുമായി ഗൂഢാലോചന നടത്തിയെന്ന് കള്ളം പറയുമെന്നും പക്ഷേ പേടിക്കണ്ട രണ്ട് ദിവസത്തിനുശേഷം അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സതീശന്‍ തന്നെ മാറ്റിപ്പറയുമെന്നും കമന്റുകളുണ്ട്.
Content Highlight: Facebook post viral of chief minister talks with Mohanlal’s character in Drishyam 3
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ