| Wednesday, 12th November 2025, 12:29 pm

ചെങ്കോട്ട സ്‌ഫോടനത്തിന് ബീഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; അസമില്‍ റിട്ട. അധ്യാപകന്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പുര്‍: ദല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച നടന്ന സ്‌ഫോടനത്തിന് ബീഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട മുന്‍ അധ്യാപകന്‍ അസമില്‍ പൊലീസ് കസ്റ്റഡിയില്‍.

അസം കച്ചാര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളായിരുന്ന വ്യക്തിയെയാണ് കസ്റ്റഡിയിലെടുത്തതെന്ന് കച്ചാര്‍ എ.എസ്.പി രജത് കുമാര്‍ പാല്‍ പറഞ്ഞു.

സ്‌ഫോടനം നടന്നതിന് പിന്നാലെ ‘തെരഞ്ഞെടുപ്പ് വരുന്നു’ എന്ന് കുറിപ്പിട്ടെന്നും സംഭവത്തിന് രാഷ്ട്രീയ വീക്ഷണം നല്‍കാനാണ് ഇയാള്‍ ശ്രമിച്ചതെന്നും എ.എസ്.പി വിശദീകരിച്ചു.

ബീഹാറിലെ നിമയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ മണിക്കൂറുകള്‍ക്ക് മുമ്പ് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ദല്‍ഹിയില്‍ സ്‌ഫോടനമുണ്ടായത്.

ദല്‍ഹിയില്‍ വലിയൊരു സ്‌ഫോടനമുണ്ടായി. അത് വിവിധ ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. അതൊരു ദേശീയ വാര്‍ത്തയാണ്. ചിലര്‍ ഈ വാര്‍ത്ത ദുരുപയോഗം ചെയ്യാനും രാഷ്ട്രീയവത്കരിക്കാനും ശ്രമിക്കുകയാണ്. അതിനാല്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ കഴിയും.

ഇത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിക്കും. സില്‍ചാര്‍ പ്രദേശവാസിയായ ഒരാളാണ് ഈ വാര്‍ത്തയ്ക്ക് രാഷ്ട്രീയ വീക്ഷണകോണ്‍ നല്‍കാന്‍ ശ്രമിച്ചത്.

ഇയാള്‍ സോഷ്യല്‍മീഡിയയിലാണ് ഇത്തരത്തില്‍ കമന്റ് ചെയ്തത്. ഈ പോസ്റ്റിന് പിന്നിലെ ഉദ്ദേശങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും എ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ പ്രചരിച്ച സംഭവത്തിന് ശേഷം സോഷ്യല്‍മീഡിയയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കങ്ങളുണ്ടാകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചിരുന്നു.

ഇതിന് മണിക്കൂറുകള്‍ക്കകമാണ് ചെങ്കോട്ട സ്‌ഫോടനക്കേസിലെ പോസ്റ്റിന്റെ പേരില്‍ പൊലീസ് നടപടിയുണ്ടായിരിക്കുന്നത്. സോഷ്യല്‍മീഡിയയിലെ വിവിധ പോസ്റ്റുകളുടെ പേരില്‍ 97 പേരാണ് ഇതിനോടകം അസമില്‍ അറസ്റ്റിലായത്.

അതേസമയം, തിങ്കളാഴ്ച വൈകുന്നേരം 6.25ഓടെയാണ് ദല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ലാല്‍ ഖില മെട്രോ സ്‌റ്റേഷന്‍ ഒന്നാം ഗേറ്റിലെ ട്രാഫിക് സിഗ്നലില്‍ വെച്ച് കാര്‍ പൊട്ടിത്തെറിച്ച് വന്‍സ്‌ഫോടനമുണ്ടായത്. ദുരന്തത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 80 കിലോയോളം സ്‌ഫോടക വസ്തുക്കള്‍ കാറിലുണ്ടായിരുന്നു എന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. കാറോടിച്ചിരുന്നത് ഡോ. ഉമര്‍ മുഹമ്മദ് എന്ന പുല്‍വാമ സ്വദേശിയായിരുന്നെന്ന സംശയത്തിലാണ് അന്വേഷണസംഘം.

നിലവില്‍ വിജയ് സാഖറെ ഐ.പി.എസിന്റെ നേതൃത്വത്തിലെ പത്തംഗ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.

Content Highlight: Facebook post links Red Fort blast to Bihar elections; Retired teacher in custody in Assam

We use cookies to give you the best possible experience. Learn more