| Tuesday, 6th October 2026, 12:07 am

എനിക്ക് കിട്ടാത്തത് നിനക്കും വേണ്ടെന്ന് പറഞ്ഞ് ജസ്റ്റിനെ കുത്തുന്ന ഗ്ലിക്‌സണ്‍, കോമയിലായ ജസ്റ്റിനായി കാത്തിരിക്കുന്ന ആഷ്‌ലി; ഇങ്ങനെയാണെങ്കില്‍ പൊളിച്ചേനെയെന്ന് പോസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ സകല സിനിമാ പേജുകളിലും ഗ്രൂപ്പുകളിലും ഇപ്പോള്‍ ചര്‍ച്ചയാകുന്ന ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററിലെത്തി കണ്ട മലയാള ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കിയ സിനിമയായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം. പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡിയും പ്രൊഡക്ഷന്‍ ഹൗസായ ഭാവന സ്റ്റുഡിയോസും ഒന്നിച്ച ബെത്‌ലഹേം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

ഓണം വെക്കേഷന്‍ ലക്ഷ്യമിട്ട് ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ ചിത്രം 325 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. ഇന്‍ഡസ്ട്രി ഹിറ്റടിച്ച ചിത്രം കേരള ബോക്സ് ഓഫീസില്‍ നിന്നും 150 കോടി കടക്കുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. രണ്ടും മൂന്നും തവണ തിയേറ്ററുകളിലെത്തി ചിത്രം കണ്ടവരും ഒട്ടനവധിയാണ്. ബോക്സ് ഓഫീസിലെ വിജയകുതിപ്പിന് പിന്നാലെ ജിയോ ഹോട്സ്റ്റാറിലൂടെ ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഇതോടെ ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടനവധി ചര്‍ച്ചകളും എഴുത്തുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബെത്‌ലഹേമിലെ റെഫറന്‍സുകളും, കഥാപാത്രങ്ങളുടെ പ്രത്യേകതയും അഭിനേതാക്കളുടെ മികവും ചര്‍ച്ചയാക്കി കൊണ്ടായിരുന്നു പോസ്റ്റുകളില്‍ പലതും. ഇത്തരത്തില്‍ ഒരു രസകരമായ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ ഫീല്‍ ഗുഡ് എന്‍ഡിങ്ങിന് പകരം തെലുങ്ക് സിനിമകളില്‍ കാണുന്നത് പോലെ സങ്കീര്‍ണമായിരുന്നെങ്കില്‍ എന്ന ഹാസ്യരൂപേണയുള്ള പോസ്റ്റാണ് ഫേസ്ബുക്കിലെ സിനിമാപേജില്‍ പ്രത്യക്ഷപ്പെട്ടത്.

ആഷ്‌ലിയും ജസ്റ്റിനും തമ്മില്‍ പ്രണയത്തിലാണന്ന് പറയുന്ന സീന്‍ മുതലാണ് പോസ്റ്റില്‍ ചിത്രത്തിന്റെ കഥ മാറുന്നത്. ആഷ്‌ലിയ്ക്ക് തന്നെ അല്ല ജസ്റ്റിന്‍ ചേട്ടനെയാണ് ഇഷ്ടം എന്നറിയുന്ന ഗ്ലിക്‌സണ്‍ തനിക്ക് കിട്ടാത്ത ആഷ്‌ലിയെ ജസ്റ്റിനും കിട്ടേണ്ടെന്ന് തീരുമാനിക്കുകയും ജസ്റ്റിനെ കൊലപ്പെടുത്താനായി ആക്രമിക്കുകയും ചെയ്യുന്നു. ഗ്ലിക്‌സന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്ന ജസ്റ്റിന്‍ വര്‍ഷങ്ങളോളം കോമയില്‍ കിടക്കുന്നു.

ജസ്റ്റിന്‍ കോമയിലായിട്ടും തന്റെ പ്രണയത്തിനായി വര്‍ഷങ്ങളോളം ആഷ്‌ലി വിവാഹം കഴിക്കാതെ കാത്തിരിക്കുകയും ഒടുവില്‍ ജസ്റ്റിന്‍ കോമയില്‍ നിന്ന് എഴുന്നേല്‍ക്കുകയും ചെയ്യുന്നു. താന്‍ ചെയ്ത തെറ്റില്‍ കുറ്റബോധം തോന്നുന്ന ഗ്ലിക്‌സന്‍ ജസ്റ്റിന് മുന്നില്‍ പശ്ചാത്തപിക്കുകയും ജസ്റ്റിന്‍ അവനോട് ക്ഷമിക്കുകയും ചെയ്യുന്നു. പിന്നീട് എല്ലാവരും ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. ഇങ്ങനെയായിരുന്നെങ്കില്‍ ബെത്‌ലഹേം കൂടുതല്‍ ഇമോഷണലായേനെ എന്നാണ് പോസ്റ്റില്‍ പറയുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com

ഇതിന് താഴെ വന്ന കമന്റുകളും രസകരമാണ്. ഇങ്ങനെയായിരുന്നു കഥയെങ്കില്‍ 300 കോടി ടോട്ടല്‍ കളക്ഷന്റെ സ്ഥാനത്ത് 3 കോടിയെന്ന് എഴുതാമായിരുന്നുവെന്നും ഇത് വായിച്ചിട്ട് തന്നെ ലാഗടിച്ചെന്നും കമന്റുകളുണ്ട്. പ്രേക്ഷകരുടെ പള്‍സ് അറിയുന്നവനാണ് പോസ്റ്റിട്ടയാളെന്നും ഒരു സിനിമ എഴുതി ഹിറ്റാക്കികൂടെ എന്നും ചോദിക്കുന്നതും കാണാം.

Content Highlight: Facebook Post goes viral about Bethlehem Kudumba unit movie

We use cookies to give you the best possible experience. Learn more