ഇടുക്കി: സോഷ്യല്‍ മീഡിയയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസര്‍ സജിത സലീമിനെതിരെയാണ് നടപടിയെന്ന് റിപ്പോര്‍ട്ട്.
ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.
ദല്‍ഹിയില്‍ നടന്ന സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ളതും കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിക്കുന്നതുമായ പോസ്റ്റുകള്‍ സജിത ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതായണ് നടപടിക്ക് കാരണമായത്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും നരേന്ദ്ര മോദിയെയും താരതമ്യം ചെയ്തുകൊണ്ടുള്ള ട്രോളും, പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കുറിപ്പുകളുമാണ് ഇവര്‍ പങ്കുവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്ലും സ്‌പെഷ്യല്‍ ബ്രാഞ്ചും ഉദ്യോഗസ്ഥയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു.
അന്വേഷണത്തില്‍ ഉദ്യോഗസ്ഥ സര്‍ക്കാര്‍ ജീവനക്കാരുടെയും പൊലീസ് സേനയുടെയും സോഷ്യല്‍ മീഡിയ ഉപയോഗത്തിനായുള്ള പെരുമാറ്റച്ചട്ടങ്ങളും സര്‍വീസ് നിബന്ധനകളും ലംഘിച്ചതായി കണ്ടെത്തിയതോടെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിക്കിയത്.
Content Highlights: Facebook post against the Prime Minister; police officer in Thodupuzha suspended.