വളരെ ചെറിയ ചിത്രമെന്ന ലേബലില്‍ തിയേറ്ററുകളില്‍ എത്തി ബോക്സ് ഓഫീസിനെ പഞ്ഞിക്കിട്ട ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഓണം റിലീസായ ബെത്ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തെ കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ 260 കോടിയും കടന്ന് വമ്പന്‍ കുതിപ്പ് തുടരുകയാണ്. കേരള ബോക്സ് ഓഫീസില്‍ നിന്നും 120 കോടി പിന്നിട്ടതോടെ ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വിന്റെ കളക്ഷനും മലയാളത്തിലെ ഹൈയസ്റ്റ് ഗ്രാസറായ ലോകഃയുടെ റെക്കോര്‍ഡും തുലാസിലായിരിക്കുകയാണ്.
ബെത്ലഹേം കുടുംബ യൂണിറ്റ്.
ഏജ് ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായതോടെ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും പോസിറ്റീവ് റെസ്പോണ്‍സ് ലഭിക്കുകയാണ്. നിവിനും മമിതയ്ക്കും പുറമെ സുരേഷ് കൃഷ്ണ, ശ്യാം മോഹന്‍, സംഗീത് പ്രതാപ്, മീനാക്ഷി, ശ്രിന്ദ തുടങ്ങി വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ചിത്രത്തില്‍ ഏറ്റവുമധികം സ്‌കോര്‍ ചെയ്ത കഥാപാത്രമായിരുന്നു റോഷന്‍ ഷാനവാസ് അവതരിപ്പിച്ച ഗ്ലിക്‌സണ്‍. മമിതയുടെ ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ പിന്നാലെ നടക്കുന്ന പൂവാലനായാണ് റോഷന്‍ ചിത്രത്തില്‍ വേഷമിട്ടത്.
തിയേറ്ററില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മൈസൂര്‍ പാക്ക് സീനടക്കം പല സ്ഥലങ്ങളിലായി റോഷന്‍ തന്റെ മാനറിസം കൊണ്ടും അസാധ്യ പെര്‍ഫോമന്‍സ് കൊണ്ടും കഥാപാത്രത്തെ സൂപ്പര്‍ ഹിറ്റാക്കി മാറ്റിയിരുന്നു. ചിത്രം വലിയ വിജയമായി മാറിയതിന് പിന്നാലെ ഗ്ലിക്‌സണ്‍ എന്ന കഥാപാത്രത്തെ ചുറിപ്പറ്റിയുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കഥാപാത്രത്തിന് സോഷ്യല്‍ മീഡിയ റീലുകളിലൂടെ ശ്രദ്ധിക്കപ്പെടുകയും വാഴ 2 എന്ന ഹിറ്റ് ചിത്രത്തിലൂടെ താരമായി മാറുകയും ചെയ്ത ഹാഷിറുമായുള്ള സാമ്യതയാണ് ഇപ്പോള്‍ സിനിമാ പേജുകളിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.
ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: Bhavana Studios
ഗ്ലിക്‌സണ്‍ എന്ന കഥാപാത്രത്തിന് രൂപം കൊടുത്തപ്പോള്‍ ഹാഷിറിന്റെ സോഷ്യല്‍ മീഡിയ റീലുകള്‍ വലിയ സ്വാധീനം തിരക്കഥാകൃത്തുക്കളില്‍ ചെലുത്തിയിട്ടുണ്ടാകാമെന്ന് ഫേസ്ബുക്കിലെ സിനിമാ പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ പറയുന്നു. ഒരുപക്ഷേ വാഴ 2 എന്ന ചിത്രത്തിലൂടെ ഹാഷിര്‍ താരപദവിയിലേക്ക് ഉയര്‍ന്നിട്ടില്ലായിരുന്നുവെങ്കില്‍ റോഷന് പകരം ഗിരീഷ് എ.ഡി, ഹാഷിറിനെ കാസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കഥാപാത്രത്തിന് ഇപ്പോള്‍ ലഭിച്ചതിനെക്കാള്‍ വലിയ സ്വീകാര്യത ലഭിക്കുമായിരുന്നുവെന്നും അഭിപ്രായമുണ്ട്.
എന്നാല്‍ റോഷന്‍ തന്നെയാണ് കഥാപാത്രത്തിന് യോജിച്ചതെന്നും കഥാപാത്രത്തെ വേറിട്ട മാനറിസങ്ങള്‍ കൊണ്ട് പുതുമയുള്ളതാക്കി മാറ്റിയെന്നും കമന്റുകളുണ്ട്. റോഷന്‍ മുമ്പ് ചെയ്ത ആവേശം, അടുത്തിടെ പുറത്തിറങ്ങിയ മോളിവുഡ് ടൈംസ് തുടങ്ങിയ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ പ്രകടനമാണ് താരം കാഴ്ചവെച്ചതെന്നും പലരും അഭിപ്രായപ്പെടുന്നു.
Content Highlight: Facebook Post about Roshan shanavas’s character in Bethlehem kudumba unit