| Saturday, 2nd April 2022, 4:15 pm

ഒരു പണിക്കും പോകാതെ പണ്ട് ചെയ്ത കൊലപാതകങ്ങളുടെ പേരില്‍ ചുമ്മാ പുട്ടടിക്കുക; മൈക്കിളപ്പന്റെ കുസൃതികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒരുമിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബിക്ക് ഉണ്ടാക്കാനാവാതിരുന്ന തിയേറ്റര്‍ വിജയവും കളക്ഷനുമൊക്കെയാണ് ഭീഷ്മ തൂത്തുവാരിയത്.

തിയേറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെ ഏപ്രില്‍ ഒന്നിന് ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം ഗൂഗിളിന്റെ ഇന്ത്യന്‍ സെര്‍ച്ചിലും ഭീഷ്മ ഇടം പിടിച്ചിരുന്നു.

മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മഹാഭാരതത്തിലെ ഭീഷ്മരുടെ എക്‌സാറ്റ് റെഫറന്‍സാണ് മമ്മൂട്ടിയുടെ മൈക്കിളെന്ന് ഇതിനോടകം തന്നെ പല അഭ്യൂഹങ്ങളും വന്നിരുന്നു.

മൈക്കിളപ്പന്റെ കുസൃതികളെന്ന പേരില്‍ വി.കെ. നവനീത് മേനോന്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

‘ ഒരു പണിക്കും പോകാതെ പണ്ട് ചെയ്ത കൊലപാതകങ്ങളുടെ പേരും പറഞ്ഞ് വീട്ടിലുള്ളവരേയും പേടിപ്പിച്ച് ചുമ്മാ പുട്ടടിക്കുക. തേച്ചിട്ട് പോയ കാമുകിയുടെ ഭര്‍ത്താവ് മരിച്ച ശേഷം വീണ്ടും കാമുകിയുടെ വീട്ടിലേക്ക് കയറി റൊമാന്റിക് നമ്പറുകള്‍ ഇറക്കുക.

വൈദികനായ പാവം അനിയന്‍ ഭക്ഷണം കഴിക്കാനായി ടേബിളിന്റെ മുന്നില്‍ കയ്യും കഴുകി ഇരിക്കാന്‍ വരുമ്പോള്‍ അയാളെ ഇന്‍സള്‍ട്ട് ചെയ്ത് വിടുക. സ്വയം പണിക്കോ പോകില്ല, എന്നാല്‍ ബിസിനസ് ചെയ്ത് കുടുംബം പോറ്റാനായി വെമ്പല്‍ കൊള്ളുന്ന പാവം ചേട്ടന്റെ മക്കളെ അതില്‍ നിന്നും നിരുത്സാഹപ്പെടുത്തി പിന്തിരിപ്പിക്കുക.

ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് ഒരു ഗോഡൗണ്‍ കൊടുത്ത് അവിടെ ബിസിനസ് ചെയ്താല്‍ പച്ച പിടിക്കും എന്ന് പറഞ്ഞ് ഇന്നത്തെ യുവജനതയെ പറ്റിക്കുക. ചില്ലറ സംശയങ്ങളുടെ പേരില്‍ അളിയനെ വേറെ ഒരാളെ കൊണ്ട് കൊല്ലിച്ച് പെങ്ങളെ വിധവ ആക്കുക.

ചേട്ടന്റെ മകന്റെ ഭാര്യയെ വിധവ ആക്കുക, അമ്മച്ചീടെ കൂടെ ഇരുന്ന് ഫോട്ടോ എടുക്കാനായി അമ്മച്ചീടെ അടുത്തിരുന്ന അനിയനെ അവിടെ നിന്ന് എഴുന്നേല്‍പ്പിച്ച്, വീട്ടില്‍ നിന്ന് പടി അടച്ച് പിണ്ഡം വെച്ച ചേട്ടത്തിയെ അവിടെ ഇരുത്തി ഫോട്ടോ ചാമ്പാന്‍ പറയുക. ഇങ്ങനെ എന്തൊക്കെയോ കുസൃതികളാണ് പുള്ളിക്ക്,’ കുറിപ്പില്‍ പറയുന്നു.

ഏപ്രില്‍ ഒന്ന് അര്‍ധരാത്രി മുതലാണ് ഭീഷ്മ പര്‍വ്വം ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഭീഷ്മ തരംഗമാവുകയാണ്.

തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു.

മാത്രവുമല്ല കൊവിഡിന് ശേഷം 100 കോടി നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കുകയാണ് ഭീഷ്മ പര്‍വ്വം.

Content Highlights: Facebook post about Mammootty’s Michael in Bheeshma Parvam goes viral

Latest Stories

We use cookies to give you the best possible experience. Learn more