| Wednesday, 17th September 2025, 10:16 pm

കെട്ടിച്ചമച്ച തെളിവുകൾ, സാങ്കൽപ്പിക സാക്ഷികൾ; ദൽഹി കലാപ കേസുകളിൽ പൊലീസിന്റെ ഗുരുതര വീഴ്ച: റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: 2020 ലെ ദൽഹി കലാപ കേസുകളിൽ കെട്ടിച്ചമച്ച തെളിവുകളെയും സാങ്കൽപ്പിക സാക്ഷികളെയും  പൊലീസ് ഉപയോഗിച്ചത് കോടതി കണ്ടെത്തിയതായി ദി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട്. കലാപവുമായി ബന്ധപ്പെട്ട 17 കേസുകളിലെ പ്രതികളെ ദൽഹി കോടതികൾ വെറുതെ വിട്ടതായി റിപ്പോർട്ടിൽ പറയുന്നു.

കെട്ടിച്ചമച്ച കേസുകൾ, തെളിവുകൾ സാങ്കല്പിക സാക്ഷികൾ എന്നിവ ഉപയോഗിച്ച പൊലീസിന്റെ പെരുമാറ്റത്തെ കോടതികൾ വിമർശിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കലാപവുമായി ബന്ധപ്പെട്ട് ഈ വർഷം ഓഗസ്റ്റ് അവസാനം വരെ ദൽഹി പൊലീസ് ഫയൽ ചെയ്‌തത്‌ 695 കേസുകളാണ്. അതിൽ 116 കേസുകളിൽ വിധി പ്രസ്‌താവിച്ചു. കലാപം, തീവയ്പ്പ്, നിയമവിരുദ്ധമായി സംഘം ചേരൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിൽ 97 കേസുകളിൽ പ്രതികൾ കുറ്റവിമുക്തരാക്കപ്പെടുകയും 19 കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇതിൽ 12 കേസുകളിലെങ്കിലും കൃത്രിമ സാക്ഷികളെയും തെളിവുകളെയും പൊലീസ് കോടതിയിൽ ഹാജരാക്കി. ഇതിൽ രണ്ടു കേസുകളിൽ നൽകിയ മൊഴികൾ തങ്ങളുടേതല്ലെന്നും പൊലീസ് നിർദേശ പ്രകാരമായിരുന്നെന്നും ഇന്ത്യൻ എക്സ്പ്രെസിനോട് സാക്ഷികൾ വെളിപ്പെടുത്തി.

കേസിൽ നീതി ഉറപ്പാക്കുന്നതിന് പകരം കേസ് അവസാനിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു പൊലീസിനെന്ന് കോടതി വിമർശിച്ചു.

കഴിഞ്ഞ മാസം നടന്ന ഒരു കുറ്റവിമുക്ത വിധിയിൽ അഡീഷണൽ സെഷൻസ് ജഡ്ജി പർവീൺ സിങ് ഐ.ഒയുടെ ഭാഗത്ത് നിന്ന് തെളിവുകളുടെ അപര്യാപ്തത ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു. ഇത്തരം സംഭവങ്ങൾ അന്വേഷണ പ്രക്രിയയിലും നിയമവാഴ്ചയിലും ജനങ്ങളുടെ വിശ്വാസത്തിന് ഗുരുതരമായ ഇടിവുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സി.എ.എ) പ്രതിഷേധങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട 2020 ലെ കലാപത്തിൽ കുറഞ്ഞത് 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Content Highlight: Fabricated evidence, fictitious witnesses; Serious lapses by police in Delhi riot cases: Report

We use cookies to give you the best possible experience. Learn more