| Monday, 12th October 2026, 8:10 pm

ബാലണ്‍ ഡി ഓറിന്റെ ഒരേയൊരു അവകാശി; എംബാപ്പെയും കെയ്‌നിനെയും യമാലിനെയും തള്ളി കന്നവാരോ

ആദർശ് എം.കെ.

2026ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പാരിസ് സെയ്ന്റ് ജെര്‍മെയ്‌നിന്റെ ജോര്‍ജിയന്‍ താരം ക്വിച്ച ക്വാരത്‌ഷെലിയ നേടണമെന്ന് മുന്‍ ഇറ്റാലിയന്‍ ക്യാപ്റ്റനും 2006-ലെ ബാലണ്‍ ഡി ഓര്‍ വിജയിയുമായ ഫാബിയോ കന്നവാരോ.

ഒക്ടോബര്‍ 26ന് ലണ്ടനില്‍ നടക്കാനിരിക്കുന്ന പുരസ്‌കാര ചടങ്ങില്‍ കിലിയന്‍ എംബാപ്പെ, ലയണല്‍ മെസി, ഒസ്മാനെ ഡെംബെലെ, ലാമിന്‍ യമാല്‍ തുടങ്ങിയ പ്രമുഖരെക്കാള്‍ മുന്‍ഗണന ക്വാരത്‌ഷെലിയക്കാണെന്ന് ‘ഗാസെറ്റ ഡെല്ലോ സ്‌പോര്‍ട്ടിന്’ നല്‍കിയ അഭിമുഖത്തില്‍ കന്നവാരോ പറഞ്ഞു.

ഫാബിയോ കന്നവാരോ

പാരീസിന് പുറത്ത് ലണ്ടനില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ബാലണ്‍ ഡി ഓര്‍ ചടങ്ങാണിത് എന്ന പ്രത്യേകതയുമുണ്ട്.

ബാലണ്‍ ഡി ഓര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ക്വാരത്‌ഷെലിയയുടെ സ്വാധീനം ചൂണ്ടിക്കാട്ടിയാണ് കന്നവാരോ പി.എസ്.ജി താരത്തെ ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധ്യതയുള്ള താരമായി ഉയര്‍ത്തിക്കാട്ടിയത്.

‘കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍, ഫുട്‌ബോളിന്റെ പേര്‍സ്‌പെക്ടീവില്‍ നിന്ന് നോക്കുമ്പോള്‍ ഏറ്റവും സ്വാധീനമുള്ള കളിക്കാരന്‍ ക്വാരത്‌ഷെലിയ ആയിരുന്നു. ബാലണ്‍ ഡി ഓറിനായി എനിക്ക് ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍, അക്കാരത്തില്‍ എനിക്ക് ഒരു സംശയവുമില്ല.

ക്വിച്ച ക്വാരത്‌ഷെലിയ

എല്ലാവരും ലോകകപ്പിനെ ഒരു മാനദണ്ഡമായി ഉപയോഗിച്ചേക്കാം, എംബാപ്പെയെക്കുറിച്ചോ മെസിയെക്കുറിച്ചോ അവരുടെ കരിയറിനെക്കുറിച്ചോ ചിന്തിച്ചേക്കാം, എന്നാല്‍ ഇവന്‍ അസാധാരണമായ കാര്യങ്ങളാണ് ചെയ്തത്,’ കന്നവാരോ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ പി.എസ്.ജിയുടെ കിരീടനേട്ടങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ താരമായിരുന്നു ക്വിച്ച. പി.എസ്.ജിയുടെ ലീഗ് വണ്‍ കിരീടം, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പര്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് കിരീടങ്ങളിലെല്ലാം തന്നെ ക്വാരത്‌ഷെലിയ തന്റെ കയ്യൊപ്പ് പതിപ്പിച്ചിരുന്നു.

2026 യു.സി.എൽ കിരീടവുമായി പി.എസ്.ജി താരങ്ങൾ. Photo: PSG/x.com

2025ല്‍ പി.എസ്.ജി ഇന്റര്‍കോണ്ടിനെന്റല്‍ കപ്പുയര്‍ത്തിയപ്പോഴും ടീമിന് കരുത്തായി ഈ ജോര്‍ജിയക്കാരന്‍ ഒപ്പമുണ്ടായിരുന്നു,

കഴിഞ്ഞ സീസണില്‍ എല്ലാ മത്സരങ്ങളിലുമായി പി.എസ്.ജിക്കായി 48 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളും 11 അസിസ്റ്റുകളും താരം നേടി.

പി.എസ്.ജിയില്‍ എത്തുന്നതിന് മുമ്പ് നാപ്പോളിയില്‍ പന്തുതട്ടിയ ക്വിച്ച, 107 മത്സരങ്ങളില്‍ നിന്ന് 30 ഗോളുകളും 20 അസിസ്റ്റുകളും നേടിയിരുന്നു.

ഡിഗോ മാറഡോണയുടെ യുഗത്തിന് ശേഷം 2022-23 സീസണില്‍ വിക്ടര്‍ ഒസിമെന്നിനൊപ്പം നാപ്പോളിയെ ചരിത്രപരമായ സീരി എ കിരീടത്തിലേക്ക് നയിക്കുന്നതിലും ക്വാരത്‌ഷെലിയ നിര്‍ണായക പങ്കുവഹിച്ചു.

അതേസമയം, ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ഫേവറിറ്റുകള്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാന്‍ ക്വിച്ചയ്ക്ക് സാധിക്കുമെന്നാണ് ആരാധകരും ഫുട്‌ബോള്‍ പണ്ഡിറ്റുകളും ചൂണ്ടിക്കാട്ടുന്നത്. ഹാരി കെയ്ന്‍, റോഡ്രി, ലാമിന്‍ യമാല്‍, കിലിയന്‍ എംബാപ്പെ എന്നിവരാണ് ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ റേസില്‍ മുമ്പിലുള്ളത്.

Content Highlight: Fabio Cannavaro says PSG player Khvicha Kvaratskhelia should win this year’s Ballon d’Or.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more