ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ പ്രളയമുണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ചെനാബ് നദിയിലെ വെളളം ഇന്ത്യ തുറന്നുവിട്ടതിന് പിന്നാലെയാണ് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയത്.
നദീതീരങ്ങളില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കണമെന്നാണ് നിര്‍ദേശം. സിയാല്‍കോട്ട്, ഹെഡ് ഖാദിരാബാദ് അടക്കമുള്ള പഞ്ചാബ് പ്രവിശ്യയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 28,000 ക്യുസെക്‌സ് വെള്ളമാണ് ചെനാബ് നദിയില്‍ നിന്ന് ഇന്ത്യ തുറന്നുവിട്ടത്. ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ കാര്‍ഷിക മേഖലയെ ആശങ്കയിലാഴ്ത്തിയിരുന്നു.
ഖാരിഫ് വിളയുടെ സീസണ്‍ തുടങ്ങാനിരിക്കെയായിരുന്നു ഇന്ത്യയുടെ നടപടി. ഇതിനുപിന്നാലെയാണ് പാകിസ്ഥാന്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയത്.
നേരത്തെ മുന്നറിയിപ്പ് ഇല്ലാതെ ഇന്ത്യ ഉറി ഡാം തുറന്നുവിട്ടിരുന്നു. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ നടപടിയായിരുന്നു ഇത്.
ഇതോടെ ഝലം നദിയിലെ ജലനിരപ്പ് രൂക്ഷമായി ഉയരുകയും ചെയ്തിരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ അധിനിവേശ കശ്മീരിലെ പല ഭാഗങ്ങളിലും വെള്ളം കയറിയിരുന്നു.
വെള്ളപ്പൊക്ക ഭീഷണി ഉയര്‍ന്നതോടെ മുസാഫറാബാദിലെയും ചകോതിയിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തര അലാറങ്ങള്‍ സജ്ജമാക്കിയിരുന്നു. വെള്ളപ്പൊക്ക ഭീഷണി കന്നുകാലികളെയും കൃഷിയെയും സാരമായി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഏപ്രില്‍ 22ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനെതിരായ നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതോടെയാണ് ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്.
64 വര്‍ഷം പഴക്കമുള്ള ഈ കരാര്‍ കറാച്ചിയില്‍ വെച്ചാണ് ഒപ്പിടുന്നത്. നീണ്ട ഒമ്പത് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു കരാര്‍ പ്രാബല്യത്തില്‍ വന്നത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ പ്രസിഡന്റ് അയൂബ് ഖാനും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം സിന്ധു നദിയിലെ 80 ശതമാനം വെള്ളം പാകിസ്ഥാനും 20 ശതമാനം ഇന്ത്യക്കും ഉപയോഗിക്കാം. ആറ് പ്രധാന നദികളെ വിഭജിച്ചുകൊണ്ടായിരുന്നു കരാര്‍ നിലവില്‍ വന്നത്.
കിഴക്കന്‍ നദികളായ രവി, സത്‌ലജ്, ബിയാസ് എന്നീ നദികളിലെ ജലം ഇന്ത്യക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നീ നദികളിലെ ജലത്തിന്റെ അവകാശം പാകിസ്ഥാനുമായിരുന്നു.
Content Highligh: Flood warning in Pakistan; People on the banks of Chenab River advised to evacuate