ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമെന്ന് പലരും വിശേഷിപ്പിച്ച ചിത്രമാണ് F1. സ്‌പോര്‍ട്‌സ് സിനിമകളുടെ സ്ഥിരം ടെംപ്ലേറ്റില്‍ ഒരുങ്ങിയ ചിത്രം മേക്കിങ്ങിലൂടെയാണ് മുന്നിട്ട് നിന്നത്. ആപ്പിള്‍ ടി.വി. പ്ലസ് തിയേറ്ററുകളിലെത്തിച്ച ചിത്രം വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ഐമാക്‌സില്‍ ചിത്രം കാണാന്‍ സാധിച്ചത് മികച്ച അനുഭവമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് മറ്റ് ഹോളിവുഡ് വമ്പന്‍ സിനിമകളും പ്രദര്‍ശനത്തിനെത്തിയത്. ഇതോടെ F1ന്റെ സ്‌ക്രീനുകളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നു. ജുറാസിക് വേള്‍ഡ്: റീബര്‍ത്തിന് പിന്നാലെ ഡി.സിയുടെ സൂപ്പര്‍മാനും പ്രദര്‍ശനത്തിനെത്തിയത് F1ന് തിരിച്ചടിയായി. വമ്പന്‍ സ്‌ക്രീനുകളില്‍ നിന്ന് F1ന് പിന്‍വാങ്ങേണ്ടി വന്നു.
ഇപ്പോഴിതാ ഇന്ത്യയിലെ പല ഐമാക്‌സ് സ്‌ക്രീനുകളിലും ചിത്രത്തിന് വന്‍ ഡിമാന്‍ഡെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. പലരുടെയും അഭ്യര്‍ത്ഥനക്ക് പിന്നാലെ ഇന്ത്യയിലെ നിരവധി ഐമാക്‌സ് സ്‌ക്രീനുകളില്‍ F1ന് അതിരാവിലെ ഷോ ചാര്‍ട്ട് ചെയ്തിരിക്കുകയാണ് വാര്‍ണര്‍ ബ്രോസ് ഇന്ത്യ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
സമ്മിശ്ര പ്രതികരണം നേടിയ ജുറാസിക് വേള്‍ഡിനെയും ഗംഭീര പ്രതികരണം സ്വന്തമാക്കിയ സൂപ്പര്‍മാനെയും പിന്തള്ളിയാണ് F1 മുന്നിലേക്കെത്തിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 70 കോടിയോളം ചിത്രം സ്വന്തമാക്കി. വമ്പന്‍ റിലീസുകളൊന്നുമില്ലാത്ത കേരളത്തില്‍ നിന്ന് ആറ് കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്. 2025ല്‍ ഒരു ഹോളിവുഡ് ചിത്രം കേരളത്തില്‍ നിന്ന് നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനാണിത്.
വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ നിന്ന് 320 മില്യണാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. 400 മില്യണ് മുകളില്‍ ചിത്രം സ്വന്തമാക്കുമെന്നാണ് കരുതുന്നത്. യഥാര്‍ത്ഥ F1 മത്സരങ്ങള്‍ക്കിടയില്‍ ഷൂട്ട് ചെയ്ത ചിത്രമാണിത്. ടോപ് ഗണ്‍ മാവറിക്കിന് ശേഷം ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്ത ചിത്രത്തില്‍ ബ്രാഡ് പിറ്റാണ് നായകനായെത്തിയത്.
ലൂയി ഹാമില്‍ട്ടണ്‍ നിര്‍മാതാക്കളിലൊരാളായും പ്രധാന മെന്ററായും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട ലൂയിക്ക് വന്‍ കൈയടിയാണ് ലഭിച്ചത്. ഇതിഹാസ സംഗീതജ്ഞന്‍ ഹാന്‍സ് സിമ്മറാണ് F1ന് സംഗീതം നല്‍കിയത്. സിനിമക്ക് വേണ്ടി പ്രത്യകം ഡിസൈന്‍ ചെയ്ത ക്യാമറകള്‍ കോക്പിറ്റില്‍ ഫിറ്റ് ചെയ്തിട്ടാണ് റേസിങ് സീനുകളിലെ ക്ലോസപ്പുകള്‍ ചിത്രീകരിച്ചത്.
Content Highlight: F1 movie returns to Indian Imax screens due to high demand