| Wednesday, 10th December 2025, 2:10 pm

ചെന്നൈ ഗ്രാന്‍ പ്രീയില്‍ ഏറ്റുമുട്ടുന്ന സൂര്യയും ധനുഷും, ഒറിജിനല്‍ മാറി നില്‍ക്കുന്ന എ.ഐ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2025ലെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഏതെന്ന ചോദ്യത്തിന് പല സിനിമാപ്രേമികളുടെയും മറുപടി F1 എന്ന് തന്നെയാകും. ബ്രാഡ് പിറ്റും ജൊസഫ് കൊസിന്‍സ്‌കിയും ഒന്നിച്ചപ്പോള്‍ പിറന്നത് ഹോളിവുഡിലെ മികച്ച സ്‌പോര്‍ട്‌സ് ഡ്രാമകളിലൊന്നായിരുന്നു. തിയേറ്റര്‍ വിജയത്തിന് പിന്നാലെ ഒ.ടി.ടിയിലും F1 മികച്ച പ്രതികരണം സ്വന്തമാക്കി.

ടെക്‌നോളജി അതിവേഗം വളരുന്ന ഈ കാലത്ത് F1 ന്റെ റീമേക്ക് വീഡിയോകളും സിനിമാപേജുകളില്‍ ചര്‍ച്ചയായി. അത്തരത്തിലൊരു എ.ഐ വീഡിയോയാണ് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. F1ന്റെ കഥ തമിഴിലാണ് നടക്കുന്നതെങ്കിലെന്ന് കാണിക്കുന്ന വീഡിയോയാണ് വൈറലായത്. ചെന്നൈ ഗ്രാന്‍ പ്രീയാണ് കഥയുടെ പ്രധാന പശ്ചാത്തലം.

ബ്രാഡ് പിറ്റ് അവിസ്മരണീയമാക്കിയ സോണി ഹെയ്‌സായി തമിഴ് സൂപ്പര്‍താരം സൂര്യയാണ് എ.ഐ വേര്‍ഷനിലെ നായകന്‍. ഡാംസണ്‍ ഇദ്രിസ് അവതരിപ്പിച്ച ജോഷ്വാ പിയേഴ്‌സ് തമിഴില്‍ ചെയ്യുന്നത് ധനുഷാണ്. ടീം മാനേജരായെത്തുന്നതാകട്ടെ മാധവനും. ഒറിജിനലിനെ കടത്തിവെട്ടുന്ന വീഡിയോയാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു.

യോഹാ ഈശ്വര്‍ എന്ന പേജാണ് ഈ വീഡിയോക്ക് പിന്നില്‍. F1ല്‍ സൂര്യയും ധനുഷുമാണ് അഭിനയിച്ചതെങ്കില്‍ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. F1 ടീസറിലെ രംഗങ്ങളില്‍ സൂര്യയുടെയും ധനുഷിന്റെയും മുഖം വെച്ചുള്ള വീഡിയോ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. റേസിങ് താരങ്ങളുടെ ഫിസീക് സൂര്യയിലും ധനുഷിലും ഭദ്രമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

സൂര്യയുടെ റെട്രോ എന്ന സിനിമയിലെ ‘ദി വണ്‍’ എന്ന ഗാനമാണ് വീഡിയോയില്‍ ഉപയോഗിച്ചിട്ടുള്ളത്. ടീസറിലെ രംഗങ്ങള്‍ക്ക് നല്ല രീതിയില്‍ ഈ പാട്ട് സിങ്കാകുന്നുണ്ട്. കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോ ഒറ്റദിവസം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. 34000ത്തിലധികം ലൈക്കുകളും ഈ വീഡിയോക്ക് ലഭിച്ചു.

ആപ്പിള്‍ ടി.വി നിര്‍മിച്ച F1 ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നാണ്. ടോപ് ഗണ്‍: മാവറിക്കിന് ശേഷം ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്ത ചിത്രം സ്ഥിരം സ്‌പോര്‍ട്‌സ് സിനിമകളുടെ അതേ ടെംപ്ലേറ്റ് തന്നെയാണ് പിന്തുടരുന്നത്. എന്നാല്‍ ഗംഭീര മേക്കിങ്ങാണ് F1നെ മറ്റ് സ്‌പോര്‍ട്‌സ് സിനിമകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്. അടുത്ത ഓസ്‌കര്‍ അവാര്‍ഡില്‍ F1 തിളങ്ങുമെന്നാണ് പ്രതീക്ഷ.

Content Highlight: F1 movie AI remake video viral

We use cookies to give you the best possible experience. Learn more