| Thursday, 29th October 2026, 6:10 pm

പ്രണയപകയുടെ ഭീകരതക്കപ്പുറത്തേക്ക് കണ്ണ് തുറപ്പിച്ച് 'EYES'

അനുപമ കെ. സീത

മലയാള സിനിമയിൽ ഇതാദ്യമായല്ല പ്രണയപകയെ ആസ്പദമാക്കിയുള്ള സിനിമകൾ സംഭവിക്കുന്നത്. എന്നാൽ മലയാളത്തിൽ ആദ്യമായിട്ടായിരുന്നു ‘EYES’ എന്ന പേരിൽ ഒരു മുഴുനീള വെബ് സീരീസ്, സ്റ്റോക്കിങ്ങിനെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയത്. അഞ്ജന നായരുടെ കഥയിൽ ബോബി സഞ്ജയ് തിരക്കഥയെഴുതി മനു അശോകനാണ് സംവിധാനം ചെയ്തത്. ഒക്ടോബർ 9ന് സോണി ലൈവിലൂടെയാണ് സൈക്കോളജിക്കൽ ബിഹേവിയറൽ ക്രൈം ത്രില്ലർ വെബ് സീരീസായ ‘EYES’ സ്ട്രീമിംഗ് ആരംഭിച്ചത്.

പ്രണയത്തിന്റെ പേരിൽ നടക്കുന്ന സ്റ്റോക്കിങ്ങും ആക്രമണങ്ങളും കൊലപാതകങ്ങളും തടയാൻ കേരള പൊലീസ്, സൈക്യാട്രിസ്റ്റുകളുടെ സഹകരണത്തോടെ രൂപീകരിച്ച ഒരു പരീക്ഷണാത്മക പദ്ധതിയാണ് ‘EYES’. രണ്ട് പൊലീസുകാരും സൈക്കോളജി പശ്ചാത്തലമുള്ള ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പറും രണ്ട് സൈക്കാട്രിസ്റ്റുകളുമടങ്ങുന്ന അഞ്ചംഗ സംഘമാണിത്.

സീരീസിന്റെ ആദ്യത്തെ എപ്പിസോഡ് മുതൽ ഐസിന്റെ മുമ്പിലേക്കെത്തുന്ന നാല് കേസുകളിലൂടെയാണ് കഥ മുമ്പോട്ട് പോകുന്നത്. ഇരകൾ കടന്നു പോകുന്ന സംഘർഷങ്ങളും സങ്കീർണതകളും നിസ്സഹായാവസ്ഥയും അസ്വസ്ഥതയും ഭയവും അവരോടൊപ്പം പ്രേക്ഷകനും അനുഭവിക്കുകയാണ്.

‘EYES’ പറയാൻ ശ്രമിക്കുന്നത് ഇരകളുടെ കഥ മാത്രമല്ല മറിച്ച് സ്റ്റോക്കേഴ്‌സിന്റെയും ഐസ് ടീമിന്റെയും കഥ കൂടിയാണ്. ശ്രുതി രാമചന്ദ്രന്റെ കഥാപാത്രമായ വിദ്യ വികസിപ്പിച്ചെടുക്കുന്ന സോഫ്ട്‍വെയറാണ് ‘EYES’. എ.ഐ.സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്റ്റോക്കർമാരുടെ മാനസികാവസ്ഥയും അവരുടെ നീക്കങ്ങളും ഇതിലൂടെ മുൻകൂട്ടി അറിയാൻ സാധിക്കും. അങ്ങനെയാണ് അവരുടെ ടീം സ്റ്റോക്കേഴ്‌സിന്റെ നീക്കങ്ങളെ പ്രതിരോധിക്കുന്നത്.

ഐസ്.Photo. Screen Grab/ Youtube.Facebook.com

സ്റ്റോക്കേഴ്‌സിന്റെ മാനസിക പ്രശ്നങ്ങൾ മാനസികമായി തന്നെ അഡ്രസ്സ് ചെയ്യപ്പെടണമെന്നും ഒരു തരത്തിൽ അവരും വിക്ടിംസാണെന്നും സീരീസ് പറഞ്ഞു വെയ്ക്കുന്നുണ്ട്. ചികിത്സിച്ചു ഭേദമാക്കാൻ പറ്റുന്ന പേഴ്‌സണാലിറ്റി ഡിസോർഡർ ഉള്ളവരാണ് അവരെന്നും കുറ്റകൃത്യങ്ങളിൽ നിന്നും അവരെ തടയുന്നതിലൂടെ ഇരകളെ സംരക്ഷിക്കാനും സ്റ്റോക്കേഴ്‌സിന് കൃത്യമായ മെഡിക്കേഷൻ നൽകി അവരെ മാറ്റിയെടുക്കാനും പറ്റുമെന്ന് സീരീസ് പറഞ്ഞ് വെയ്ക്കുന്നുണ്ട്.

അതേസമയം പ്രണയമെന്ന പേരിലുള്ള ടോക്സിക് ബന്ധങ്ങളെ യാതൊരു വിധത്തിലും ഗ്ലോറിഫൈ ചെയ്യാതിരിക്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്, അതിൽ നൂറ് ശതമാനം വിജയിച്ചിട്ടുമുണ്ട്. പ്രതികളുടെ ഭൂതകാലത്ത് അവർ നേരിട്ട അവഗണകളോ ട്രോമകളോ റിജക്ഷനുകളോ ആയിരിക്കാം ഇത്തരം മാനസിക പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്നും അവരെ അപ്പോൾ തന്നെ ജയിലിലേക്ക് കൊണ്ട് പോയി ശിക്ഷിക്കുന്നത് ഒരു എസ്‌കേപിസം മാത്രമാണെന്നാണ് ‘EYES’ പറയുന്നത്.

സ്റ്റോക്കിങിന്റെ ഭീകരതയും അതിന്റെ തീവ്രതയുടെ ആഴവും ഒട്ടും ചോർന്നു പോവാതെയാണ് സംവിധായകൻ ഇത് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ആദ്യത്തെ എപ്പിസോഡിൽ തന്നെ പ്രേക്ഷകൻ ഹുക്ക് ചെയ്യപ്പെടുന്നതും അടുത്ത ആറ് എപ്പിസോഡും കാണാൻ നിർബന്ധിതനാവുന്നതും. അതിന്റെ തുടർച്ചയെന്നോണമാണ് കണ്ടു കഴിഞ്ഞതിനു ശേഷം ഈ വിഷയത്തെക്കുറിച്ച് പ്രേക്ഷകൻ സംസാരിക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതും.

ഐസ്.Photo. Screen Grab/Facebook.com

കനി കുസൃതി, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, റിയ ജിത്തു, പ്രഭു മുരളീകൃഷ്ണൻ,അനഘ,സാനിയ അയ്യപ്പൻ, ജാഫർ ഇടുക്കി, ദേവ് മോഹൻ,പാർവ്വതി ആർ കൃഷ്ണ, ആനന്ദ് മന്മഥൻ തുടങ്ങിയവരുടെ അഭിനയ മികവാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രധാനപ്പെട്ട ഘടകം. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തെന്നി പോകാവുന്ന വിഷയമായിരുന്നിട്ടും കഥാപാത്രങ്ങളിലൂടെ സംവിധായകന് അതിന്റെ കൃത്യമായ മീറ്റർ പിടിക്കാൻ സാധിച്ചതും കൊണ്ട് കൂടിയാണ് അത്രമേൽ ആഴത്തിലും ശക്തമായും കഥാപാത്രങ്ങളെയും വിഷയത്തെയും പ്രേക്ഷകരിലേക്കെത്തിക്കാൻ കഴിഞ്ഞത്.

‘സ്റ്റോക്കേഴ്‌സും വിക്ടിംസാണ്, അവർ കൂടെ സുഖപ്പെടുമ്പോഴേ ഞങ്ങളുടെ മിഷൻ കംപ്ലീറ്റ് ആവുന്നുള്ളൂ’ എന്ന് നിഖിലയുടെ കഥാപാത്രം ഒടുവിൽ പറയുമ്പോൾ പ്രേക്ഷകനും മാറി ചിന്തിച്ചു തുടങ്ങുകയാണ്. ഒരു താക്കീതിനും ജയിൽ ശിക്ഷയ്‌ക്കും അപ്പുറം അതിനെ ഗൗരവമായ് കണ്ട് കൃത്യമായ മെഡിക്കേഷനിലൂടെയാണ് അവരെ മാറ്റിയെടുക്കേണ്ടതെന്നും ‘EYES’ പറഞ്ഞു വെയ്ക്കുന്നുണ്ട്. സമൂഹത്തിലെ നീതിന്യായ വ്യവസ്ഥ പ്രതികളെ ശിക്ഷിക്കാൻ വേണ്ടി മാത്രമുള്ളതല്ല. നീതിന്യായവ്യവസ്ഥയുടെ സപ്പോർട്ടോട് കൂടെ തന്നെ അവർക്ക് തിരുത്താനുള്ള ഒരവസരമാണ് സംവിധായകൻ ഐസിലൂടെ മുന്നോട്ട് വയ്ക്കുന്ന ആശയം അഥവാ പരിഹാരം.

Content Highlight: ‘EYES’ opens our eyes to what lies beyond the horror of vengeful love.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more