| Wednesday, 4th February 2026, 8:24 pm

ക്രൈസ്തവരില്‍ വര്‍ഗീയത വളര്‍ത്താന്‍ ഹിന്ദു തീവ്രവാദ സംഘടന; ഒരു ഭാഗത്ത് ജമാഅത്ത് മറുഭാഗത്ത് ആര്‍.എസ്.എസ്: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

അനിത സി

തിരുവനന്തപുരം: ക്രൈസ്തവര്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്താന്‍ ചില ഹിന്ദു തീവ്രവാദ സംഘടനകള്‍ പിന്തുണ നല്‍കുന്നുണ്ടെന്ന നിരീക്ഷണവുമായി സി.ബി.സി.ഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ചില രാഷ്ട്രീയക്കാരും വര്‍ഗീയതയെ വളര്‍ത്തുന്നതില്‍ പങ്കാളികളാണെന്ന് ദീപിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.

ചില സംഘടനകള്‍ ക്രൈസ്തവരിലും വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. ഈ സംഘടനകള്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നാണ് തന്റെ നിരീക്ഷണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

കേരളത്തിലടക്കം സംഘടിതമായുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാവുന്നു. ഒരു ഭാഗത്ത് ജമാഅത്തെ ഇസ്‌ലാമിയാണെങ്കില്‍ മറുഭാഗത്ത് ആര്‍.എസ്.എസ് ആണ്. ക്രിസ്ത്യാനികള്‍ക്കിടയിലും തീവ്രവാദ ഗ്രൂപ്പുകളുണ്ട് അവര്‍ക്ക് മറ്റുള്ളവര്‍ പ്രോത്സാഹനവും നല്‍കുന്നു. രാഷ്ട്രീയക്കാര്‍ക്കും വര്‍ഗീയത വളര്‍ത്തുന്നതില്‍ പങ്കുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ക്രിസ്ത്യാനികള്‍ക്കാണ് ഏറ്റവും കുറച്ച് വര്‍ഗീയ ചിന്തയുള്ളത്. അവര്‍ക്ക് സമുദായ ബോധം കുറഞ്ഞു. മറ്റ് മതങ്ങളില്‍ വര്‍ഗീയത കൂടി വരുന്നുണ്ട്. സമുദായ ബോധം ഉണ്ടാകണം എന്നാല്‍ വര്‍ഗീയത ഉണ്ടാകാന്‍ പാടില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

ബോധപൂര്‍വമായ ഇടപെടലിലൂടെ സഭയിലെ നിസാര അഭിപ്രായ വ്യത്യാസങ്ങളെ പെരുപ്പിച്ച് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റൈ പദ്ധതികളില്‍ ചിലത് സീറോ മലബാര്‍ സഭയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്നതായിരുന്നു.

ഏറ്റവും സംഘടിച്ച് നില്‍ക്കുന്ന സഭാ വിഭാഗത്തെ വഴക്കടിപ്പിച്ച് തകര്‍ക്കാമെന്ന് അവര്‍ കണക്കുകൂട്ടിയിരുന്നുവെന്ന് പോപ്പുലര്‍ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആരോപിച്ചു.

ഈ സാഹചര്യത്തിലാണ് സമുദായ ശാക്തീകരണ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലുള്‍പ്പടെ സമുദായത്തിലെ അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥ-ഭരണ തലങ്ങളില്‍ സമുദായാംഗങ്ങള്‍ കുറയുന്നതിന്റെ പ്രത്യാഘാതം സഭ നേരിടുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിരവധി സഭാംഗങ്ങള്‍ വിജയിച്ചിട്ടുണ്ട്. അവര്‍ക്ക് രൂപതാ തലത്തില്‍ സ്വീകരണം നല്‍കുന്നുണ്ട്. കത്തോലിക്കാ കോണ്‍ഗ്രസ് കരുത്താര്‍ജ്ജിക്കേണ്ടതുണ്ടെന്നും അല്‍മായ നേതാക്കളെ പ്രോത്സാഹിപ്പിക്കാന്ഡ സഭാ നേതൃത്വം കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ക്രിസ്ത്യാനികളെയാണ് വിദേശ കുടിയേറ്റം ഏറ്റവുമധികം ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍ കുട്ടികളുടെ എണ്ണം കുറയുന്നു. വിവാഹങ്ങള്‍ നടക്കുന്നില്ല. എങ്ങനെയെങ്കിലും പുറത്തുപോകണമെന്ന ചിന്തയാണ് വിദ്യാര്‍ത്ഥികള്‍ക്ക്.

കേരളത്തില്‍ ഈ സ്ഥിതി കൂടുതലാണെന്നും ഇവിടുത്തെ രാഷ്ട്രീയ സ്ഥിതിക്കും പങ്കുണ്ട്. ജോലി സാധ്യതകളും വളരാനുള്ള സാധ്യതകളും കുറവാണെന്നതും വിദേശ കുടിയേറ്റം വര്‍ധിക്കാനുള്ള കാരണമായി ആന്‍ഡ്രൂസ് താഴത്ത് ചൂണ്ടിക്കാണിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികളെ അവഗണിക്കുന്നത് ഭൂരിപക്ഷമാണ്. എന്നാല്‍, കേരളത്തില്‍ ക്രിസ്ത്യാനികളെ അവഗണിക്കുന്നത് എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകളാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വിമര്‍ശിച്ചു.

ചില മതങ്ങളില്‍ എല്ലാവര്‍ക്കും സംവരണാനുകൂല്യം ലഭിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlight: Support from Hindu extremist organizations to instill communalism among Christians: Mar Andrews Thazhath

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more