| Thursday, 13th February 2025, 1:44 pm

'അതിക്രൂരം' നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥികൾ നേരിട്ടത് സമാനതകളില്ലാത്ത റാഗിങ്; ​ദൃശ്യങ്ങൾ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോട്ടയം ഗവ. കോളേജ് ഓഫ് നഴ്‌സിങ് ഹോസ്റ്റലിൽ ഒന്നാംവർഷ വിദ്യാർഥികൾ നേരിട്ടത് സമാനതകളില്ലാത്ത അതിക്രൂരമായ റാഗിങ്. റാഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രതികൾ തന്നെ ചിത്രീകരിച്ച വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ​മൂന്നാംവർഷ ജനറൽ നഴ്‌സിങ് വിദ്യാർഥികളായ അഞ്ചുപേരാണ് ഒന്നാംവർഷ വിദ്യാർഥികളെ കഴിഞ്ഞ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിനിരയാക്കിയത്. വിദ്യാർഥികളെ നഗ്നരാക്കി ഡിവൈഡർ കൊണ്ട് മുറിവുണ്ടാക്കുകയും നിലവിളിക്കുമ്പോൾ വായിൽ ക്രീം തേച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു.

ഒന്നാം വർഷ വിദ്യാർത്ഥിയെ മൂന്നാം വർഷ വിദ്യാ‍ർഥികൾ ചേർന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോമ്പസ് വെച്ച് ശരീരത്തിൽ കുത്തി മുറവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാർഥിയുടെ സ്വകാര്യ ഭാ​ഗത്ത് ​ഡംബൽ വെയ്ക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവർ പ്രവർത്തികൾ തുടരുന്നതായാണ് വീഡിയോയിൽ കാണുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് നഴ്‌സിങ് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിൻ്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

നഴ്‌സിങ് കോളേജിലെ ജനറൽ നഴ്‌സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി സാമുവൽ ജോൺസൺ(20), മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്(22), വയനാട് നടവയൽ സ്വദേശി ജീവ(20), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജിൽ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരെയാണ് റാഗിങ് കേസിൽ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കോളേജിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

കഴിഞ്ഞ നവംബറിൽ ഒന്നാംവർഷ വിദ്യാർഥികൾക്ക് ക്ലാസ് ആരംഭിച്ചതുമുതൽ പ്രതികൾ ഇവരെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയെന്നാണ് വിവരം. ഒന്നാംവർഷ ജനറൽ നഴ്‌സിങ് ക്ലാസിൽ ആറ് ആൺകുട്ടികളാണുണ്ടായിരുന്നത്. ഇവരെല്ലാം പ്രതികളുടെ റാഗിങ്ങിനിരയായി.

Content Highlight: ‘Extremely Brutal’ Nursing College Students Face Unparalleled Ragging; The footage is out

We use cookies to give you the best possible experience. Learn more