ഓണം റിലീസായെത്തിയ സിനിമകളില്‍ വന്‍ മുന്നേറ്റം നടത്തുന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ അധികം കാണാത്ത പ്രമേയമാണ് ലോകഃയുടേത്. ഇതിനോടകം ചിത്രം 50 കോടിക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞു.
മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകതയോടെയാണ് ലോകഃ പ്രദര്‍ശനത്തിനെത്തിയത്. മലയാളികള്‍ കേട്ടുശീലിച്ച ഒരു കഥയെ ഇന്നത്തെ ലോകവുമായി ബ്ലെന്‍ഡ് ചെയ്ത് അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു. ലോകഃയുടെ തെലുങ്ക് പതിപ്പിനും വന്‍ വരവേല്പാണ് ലഭിക്കുന്നത്.
എന്നാല്‍ പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ ചിത്രത്തിന് നേരെ സൈബര്‍ ആക്രമണവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം തീവ്ര വലതുപക്ഷ ചായ്‌വുള്ള എക്‌സ് പേജുകള്‍. ചിത്രം ഹിന്ദുവിരുദ്ധമാണെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. മലയാളത്തില്‍ എല്ലായ്‌പ്പോഴും ഹിന്ദുക്കള്‍ക്കെതിരെയുള്ള സിനിമകള്‍ മാത്രമേ വരുന്നുള്ളൂവെന്നും ഇവര്‍ വാദിക്കുന്നു.
‘ഹിന്ദു ഫോബിയയില്ലാതെ മലയാളികള്‍ക്ക് ഒരു സിനിമ ചെയ്യാന്‍ കഴിയില്ല. ഹിന്ദുവായ രാജാവ് ഹിന്ദുക്കളുടെ അമ്പലം നശിപ്പിക്കുന്നു. ക്രിസ്ത്യന്‍ മിഷണറിമാരെ രക്ഷകരായി കാണിക്കുന്നു. ഗണപതി ഭഗവാന്റെ ഫോട്ടോയെ അവജ്ഞതയോടെ നോക്കുന്ന നായിക. ഹിന്ദുവായ വില്ലന്‍ ദൈവങ്ങളുടെ ഫോട്ടോയുടെ മുന്നില്‍ വെച്ച് സ്വന്തം അമ്മയെ കൊല്ലുന്നതായി കാണിക്കുന്നു’ എന്നാണ് റിവഞ്ച് മോഡ് എന്ന എക്‌സ് പേജ് കുറിച്ചത്.
ഈ സിനിമയുടെ സംവിധായകന്‍ ക്രിസ്ത്യാനിയും നിര്‍മാതാവ് മുസ്‌ലിമും ആണെന്ന വലിയ കണ്ടുപിടിത്തവും ഇയാള്‍ നടത്തിയിട്ടുണ്ട്. ഈ പോസ്റ്റ് അനുകൂലിച്ചുകൊണ്ട് മറ്റ് പല പേജുകളും ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന് മറുപടിയുമായി ചില മലയാളികള്‍ രംഗത്തെത്തുകയും ചെയ്തു.
‘യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ കേരളത്തെക്കുറിച്ച് പറഞ്ഞ് എടുത്ത കേരള സ്റ്റോറി എന്ന സിനിമ പ്രധാനമന്ത്രി വരെ പ്രൊമോട്ട് ചെയ്തപ്പോള്‍ കൈയടിച്ച ഭക്തന്മാര്‍ ഇപ്പോള്‍ നല്ലൊരു സിനിമ കണ്ടപ്പോള്‍ ട്രിഗറാവുന്നു,’ ‘ഇതില്‍ ഒരിടത്തും ഹിന്ദുഫോബിയ ഇല്ല’ എന്ന് തുടങ്ങി നിരവധി കമന്റുകള്‍ പോസ്റ്റിന് മറുപടിയായി വന്നുതുടങ്ങിയിട്ടുണ്ട്.
Content Highlight: Extreme right wing pages blaming Lokah movie is Hinduphobic