| Wednesday, 14th May 2025, 3:10 pm

വിവാഹേതര ബന്ധം ആത്മഹത്യാപ്രേരണയായോ ക്രൂരതയായോ കണക്കാക്കാനാകില്ല: ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയായോ ആത്മഹത്യാപ്രേരണയായോ കണക്കാക്കാനാകില്ലെന്ന് ദല്‍ഹി ഹൈക്കോടതി. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യാത്ത പക്ഷം ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ആത്മഹത്യാപ്രേരണയായോ ക്രൂരതയായോ കണക്കാക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ജസ്റ്റിസ് സഞ്ജീവ് നരുലയാണ് വിധി പുറപ്പെടുവിച്ചത്. 2024 മാര്‍ച്ച് 18ന് ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചുണ്ടായ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്നുള്ള കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

വിവാഹേതര ബന്ധങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങളില്‍ ഭര്‍ത്താവിനുമേല്‍ കുറ്റം ചുമത്താന്‍ കഴിയുകയുള്ളുവെന്നും കോടതി പറഞ്ഞു.

സ്ത്രീധന മരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലും യുവാവിനെ വിട്ടയക്കാനാണ് കോടതി ഉത്തരവിട്ടത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു മരണപ്പെട്ട യുവതിയുടെയും യുവാവിന്റെയും വിവാഹം. കഴിഞ്ഞ മാര്‍ച്ചില്‍ യുവതിയുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്ന് ഐ.പി.സി സെക്ഷന്‍ 306 (ആത്മഹത്യാ പ്രേരണ), 498 എ (ക്രൂരത), 304 ബി (സ്ത്രീധന മരണം) എന്നീ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ കേസെടുക്കുകയിരുന്നു. മാര്‍ച്ച് മുതല്‍ യുവാവ് പൊലീസ് കസ്റ്റഡിയിലായിരുന്നു.

ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ഏതാനും വീഡിയോകളും ചാറ്റുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ തെളിവുകളുണ്ടെങ്കിലും വിവാഹേതര ബന്ധം ഐ.പി.സി സെക്ഷന്‍ 498 എ പ്രകാരം ക്രൂരതയോ ഐ.പി.സി സെക്ഷന്‍ 306 പ്രകാരം പ്രേരണയോ ആകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

വിവാഹേതര ബന്ധം ഒരാളെ കുറ്റക്കാരനാക്കാന്‍ ആയുധമാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. യുവാവിനെ ഇനിയും കസ്റ്റഡിയില്‍ വെക്കുന്നത് പ്രയോജനമില്ലാത്ത നടപടിയാണെന്നും കോടതി പറഞ്ഞു.

കൂടാതെ ജീവിച്ചിരുന്നപ്പോള്‍ സ്ത്രീധന പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും കോടതി പറഞ്ഞു. ഇക്കാരണത്താല്‍ പ്രഥമദൃഷ്ട്യാ സ്ത്രീധന പീഡനം ചുമത്തിയുള്ള കേസിന് സാധുതയില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം യുവാവിന് സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്നും ചോദ്യം ചെയ്തപ്പോള്‍ മകളെ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. യുവതിയെ നിരന്തരമായി ഗാര്‍ഹിക പീഡനത്തിന് ഇറക്കിയിട്ടുണ്ടെന്നും ‘നിന്റെ കുടുംബക്കാരോട് കാറിന്റെ ഇ.എം.ഐ അടയ്ക്കാന്‍’ ആക്രോശിച്ച് മകളില്‍ സമ്മര്‍ദം ചെലുത്താറുണ്ടെന്നും കുടുംബം പറയുന്നു.

Content Highlight: Extramarital affair cannot be considered as abetment to suicide or cruelty: Delhi High Court

We use cookies to give you the best possible experience. Learn more