ന്യൂദല്‍ഹി: ചെങ്കോട്ടയിലെ വന്‍ സ്ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. നിലവില്‍ 10 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 24 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌ഫോടനത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ ഉടനീളം സുരക്ഷ വര്‍ധിപ്പിച്ചു. ദല്‍ഹിയിലെ ആരാധനാലയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളിലാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.
ദല്‍ഹി പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. നടന്നത് ഭീകരാക്രമണമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ദല്‍ഹി പൊലീസ് അറിയിച്ചു.
ഇന്ന് (തിങ്കള്‍) വൈകുന്നേരം 6.55 ഓടെയാണ് ദല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായത്. നിര്‍ത്തിയിട്ട കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ചത് മാരുതി സുസൂക്കി ഈക്കോയുടെ വാനാണെന്നും സൂചനയുണ്ട്.
എന്‍.എസ്.ജി, എന്‍.ഐ.എ, ഫോറന്‍സിക് സംഘങ്ങള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നിലവില്‍ ദല്‍ഹി ഫയര്‍ ഫോഴ്സിന്റെ ഏഴ് യൂണിറ്റുകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
സ്‌ഫോടനത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും മുംബൈയിലും കേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് ഹരിയാനയിലെ ഫരീദാബാദില്‍ ഒരു ഡോക്ടറുടെ വാടക വീട്ടില്‍ നിന്ന് ഏകദേശം 360 കിലോഗ്രാം അമോണിയം നൈട്രേറ്റും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ദല്‍ഹിയിലെ ഉഗ്ര സ്‌ഫോടനം.
Content Highlight: Explosion near Red Fort; Death toll rises to 10, many injured