| Sunday, 18th May 2025, 7:30 am

കാലിഫോര്‍ണിയയില്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് സമീപം സ്‌ഫോടനം; ഒരാള്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പാം സ്പ്രിങ്‌സ് നഗരത്തില്‍ ശനിയാഴ്ച ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാം സ്പ്രിങ്‌സ് നഗരത്തിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും ഇവരുടെ നിലവിലെ ആരോഗ്യ സ്ഥിതിയെ കുറിച്ചോ പരിക്കിന്റെ തീവ്രതയെ കുറിച്ചോ അറിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സ്‌ഫോടനത്തില്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും തകര്‍ന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്ന് എഫ്.ബി.ഐ വിശേഷിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഫെര്‍ട്ടിറ്റിലിറ്റി ക്ലിനിക്കിനെ മനപൂര്‍വം ലക്ഷ്യമിടുകയായിരുന്നുവെന്ന് എഫ്.ബി.ഐയുടെ ലോസ് ഏഞ്ചല്‍സ് ഫീല്‍ഡ് ഓഫീസ് മേധാവി അകീല്‍ ഡേവിസ് പറഞ്ഞു.

അതേസമയം സംഭവസ്ഥലത്ത് കൊല്ലപ്പെട്ട വ്യക്തിയാരാണെന്ന് നിലവില്‍ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച വ്യക്തി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അധികൃതര്‍ വ്യക്തമാക്കി.

മരിച്ച വ്യക്തിയെ സ്‌ഫോടനത്തില്‍ സംശയിക്കേണ്ടതുണ്ടോയെന്ന് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും സ്ഥിരീകരണത്തിന് ശേഷം മാത്രമേ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ബോംബ് ടെക്‌നീഷ്യന്മാരുള്‍പ്പെടെയുള്ളവരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ സമയ വ്യത്യാസമാണ് പാം സ്പ്രിംങ്‌സിലേക്കെന്നും ഉയര്‍ന്ന നിലവാരമുള്ള റിസോര്‍ട്ടുകള്‍, ഗോള്‍ഫ് കോഴ്‌സുകള്‍ തുടങ്ങി കാലിഫോര്‍ണിയയിലെ പേരുകേട്ട സ്ഥലങ്ങളിലൊന്നാണെന്നും ആക്രമണ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഫെര്‍ട്ടിലിറ്റി സെന്ററിന് നേരെയുണ്ടായ ആക്രമണം ക്ഷമിക്കാന്‍ കഴിയാത്തതാണെന്നും സ്ത്രീകളും അമ്മമാരും അമേരിക്കയുടെ ഹൃദയമിടിപ്പാണെന്ന് ട്രംപ് ഭരണകൂടം മനസിലാക്കുന്നുവെന്നും അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പറഞ്ഞു.

Content Highlight: Explosion near fertility clinic in California; one dead

We use cookies to give you the best possible experience. Learn more