ബെയ്ജിങ്: വടക്കന്‍ ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 90 പേര്‍ മരിച്ചു. ക്വിന്‍യുവാന്‍ ഗ്രാമത്തിലെ ലിയുഷെന്യു ഖനിയിലാണ് ഇന്ധനച്ചോര്‍ച്ചയെത്തുടര്‍ന്നുള്ള സ്‌ഫോടനമുണ്ടായതെന്ന് ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടന സമയത്ത് 247 തൊഴിലാളികളായിരുന്നു ഖനിക്കകത്തുണ്ടായിരുന്നതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടസ്ഥലത്ത് ദുരന്ത നിവാരണ സേനാംഗങ്ങളുടെ തിരച്ചില്‍ തുടരുന്നുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദദത്തിലധികം നീണ്ട കാലത്തിനിടെ ചൈനയിലെ ഒരു ഖനിയിലുണ്ടായ ഏറ്റവും വലിയ അപകടമാണിത്.
ഖനിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നില ഉയര്‍ന്നതായുള്ള മുന്നറിയിപ്പിന് പിറകെയാണ് സ്‌ഫോടനമെന്ന് സിന്‍ഹുവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖനിയുടെ മേല്‍നോട്ട ചുമതലയുള്ള ഒരാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി ചൈനയുടെ ഔദ്യോഗിക ടെലിവിഷനായ സി.ജി.ടി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് ഇത്തരത്തിലുള്ള അപകടങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് നിര്‍ദേശം നല്‍കി.
അപകട സസ്ഥലത്ത് ആംബുലന്‍സുകള്‍ എത്തിച്ചേരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചൈനയിലെ പ്രധാന കല്‍ക്കരി ഖനന മേഖലയാണ് സ്‌ഫോടനമുണ്ടായ ഷാന്‍ക്‌സി പ്രവിശ്യ.
കല്‍ക്കരിയുടെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളും ഉപഭോക്തക്കളുമാണ് ചൈന. കല്‍ക്കരിയുടെ ആഗോള ഉപഭോഗത്തിന്റെ 50 ശതമാനത്തിലധികവും ചൈനയിലാണെന്നാണ് കണക്കുകള്‍.
Content Highlight: Gas explosion at Chinese coal mine kills at least 90