നടന്‍ രവി മോഹനും അദ്ദേഹത്തിന്റെ പങ്കാളി ആയിരുന്ന ആരതിയും പിരിയുന്നതായി പ്രഖ്യാപിച്ചു. 40 ലക്ഷം രൂപ പ്രതിമാസം ജീവനാംശമായി ആരതി ആവശ്യപ്പെട്ടു.
സാധാരണ ഏതൊരു സെലിബ്രിറ്റി കപ്പിളും പിരിയുന്ന വാര്‍ത്തപോലെതന്നെ ഈ ന്യൂസും ആഘോഷിക്കപ്പെട്ടു. ഇരുവരുടെയും പേഴ്‌സണല്‍ ലൈഫും പൊതുമധ്യത്തില്‍ ചര്‍ച്ചയാകപ്പെട്ടു. എന്നാല്‍ 15 വര്‍ഷം നീണ്ടുനിന്ന ഈ ദാമ്പത്യം പിരിയുമ്പോള്‍ നാട്ടുകാര്‍ കൂടുതലും കണ്‍സേണ്‍ ആകുന്നത് ആരതി ആവശ്യപ്പെട്ടിരിക്കുന്ന ജീവനാംശത്തിന്റെ പേരിലാണ്.
കോടതിയില്‍ ഈ കേസ് നടന്നുകൊണ്ടിരിക്കെ ഇരുവര്‍ക്കുമുള്ള വിധി പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയ ഇതിനോടകം പുറപ്പെടുവിച്ച് കഴിഞ്ഞു. കൂടുതലും ആരതിയോടുള്ള അമര്‍ഷമാണ്.
എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ജീവനാംശം?
ആണുങ്ങളുടെ കാശ് തട്ടിയെടുക്കാനുള്ള നിയമമാണോ ഇത്?
നമുക്ക് നോക്കാം
ജീവനാംശം എന്നാല്‍ വിവാഹമോചനം നേടുന്ന ഒരാള്‍, തന്റെ മുന്‍ പങ്കാളിക്ക് നല്‍കുന്ന സാമ്പത്തിക സഹായമാണ്. ഇതിനെ അലിമണി, മെയിന്റനന്‍സ്, സ്പൗസ് സപ്പോര്‍ട്ട് എന്നിങ്ങനെയും പറയാറുണ്ട്. കുട്ടികളുടെ പരിപാലനത്തിനായി നല്‍കുന്ന സാമ്പത്തിക സഹായത്തില്‍ നിന്ന് വ്യത്യസ്തമാണ് ജീവനാംശം.
വിവാഹത്തിന് ശേഷം ചില സ്ത്രീകള്‍ ജോലി ഉപേക്ഷിച്ച് വീട്ടുജോലികളിലും കുട്ടികളെ പരിപാലിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സമയത്ത് ഭര്‍ത്താവിന്റെ വരുമാനത്തെ ഡിപെന്‍ഡ് ചെയ്തായിരിക്കും അവര്‍ ജീവിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ വിവാഹമോചനത്തിനുശേഷം സ്ത്രീകള്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്താന്‍ പ്രയാസമായിരിക്കും. ജീവനാംശം അവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നു. കല്യാണത്തിന് ശേഷം ഉണ്ടായിരുന്ന ലൈഫ് സ്‌റ്റൈല്‍ വിവാഹമോചനത്തിനു ശേഷവും തുടരാന്‍ ഇത് സഹായിക്കും. പെട്ടെന്ന് ഒരു ജീവിതനിലവാരത്തകര്‍ച്ച ഒഴിവാക്കാന്‍ ജീവനാംശം അത്യാവശ്യമാണ്.
ജീവനാംശം ലഭിക്കാന്‍ അര്‍ഹര്‍ ആരൊക്കെ?
ജീവനാംശം നിശ്ചയിക്കുന്നത് എങ്ങനെ?
ഇന്ത്യയില്‍ ജീവനാംശം കണക്കാക്കാന്‍ ഒരു നിശ്ചിത ഫോര്‍മുലയില്ല. ഓരോ കേസിന്റെയും സാഹചര്യങ്ങള്‍ പരിഗണിച്ച് കോടതിയാണ് തുക തീരുമാനിക്കുന്നത്. ഇരു കക്ഷികളുടെയും വരുമാനം, സ്വത്തുക്കള്‍, സാമ്പത്തിക ബാധ്യതകള്‍ എന്നിവയും ഓരോ വ്യക്തിക്കും എത്രത്തോളം വരുമാനം നേടാന്‍ കഴിയും എന്നതും കണക്കിലെടുത്തും കുടുംബത്തിന് വേണ്ടിയോ പങ്കാളിയുടെ കരിയറിന് വേണ്ടിയോ ചെയ്ത ത്യാഗങ്ങള്‍ പരിഗണിച്ചുമെല്ലാം ജീവനാംശം എത്ര കൊടുക്കണം എന്നതില്‍ കോടതി തീരുമാനമെടുക്കും.
വിവാഹജീവിതത്തില്‍ പുലര്‍ത്തിയിരുന്ന ജീവിതനിലവാരം മെയ്ന്റെയിന്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കോടതി ജീവനാംശം പ്രഖ്യാപിച്ചെന്ന് വരാം. എത്ര കാലം വിവാഹബന്ധം നിലനിന്നിരുന്നുവോ അതിനനുസരിച്ചും ജീവനാംശത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. അതായത് കൂടുതല്‍ കാലം നിലനിന്ന വിവാഹബന്ധങ്ങളില്‍ സാധാരണയായി കൂടുതല്‍ ജീവനാംശം ലഭിക്കാന്‍ സാധ്യതയുണ്ട്.
പൊതുവെ സാലറിയുടെ 25% ജീവനാംശമായി നല്‍കാനാണ് സുപ്രീം കോടതി വിധിച്ചിട്ടുള്ളത്.
ജീവനാംശം ലഭിക്കുന്നത് എങ്ങനെ?
ഇത് രണ്ടുമല്ലാതെ സ്വത്ത്, ഓഹരികള്‍, മറ്റ് വിലയേറിയ വസ്തുക്കള്‍ എന്നിവയുടെ രൂപത്തിലും ജീവനാംശം നല്‍കാം. ഇതിന്റെ നികുതി, കൈമാറ്റം നടന്ന സമയത്തെ ഡിപെന്‍ഡ് ചെയ്തായിരിക്കും.
ജീവനാംശം സ്ത്രീയുടെ അവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജീവനാംശം ലഭിച്ചില്ലെങ്കില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാവുന്നതാണ്.
CrPC 125ാം വകുപ്പ് പ്രകാരം വിവാഹമോചിതരായ മുസ്‌ലിം സ്ത്രീകള്‍ക്കും ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ട്.
ഈ വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കേസാണ് ഷാ ബാനോ ബീഗം കേസ്. തന്റെ മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ഷാ ബാനോ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുസ്‌ലിം വ്യക്തിനിയമം അനുസരിച്ച് വിവാഹമോചനത്തിനു ശേഷമുള്ള ഏകദേശം മൂന്ന് മാസത്തെ കാത്തിരിപ്പ് സമയത്ത്, അതായത് ‘ഇദ്ദ’ കാലയളവില്‍ മാത്രമാണ് ജീവനാംശത്തിന് അര്‍ഹതയുള്ളൂ എന്ന് ഷാ ബാനോ ബീഗത്തിന്റെ മുന്‍ ഭര്‍ത്താവ് വാദിച്ചു. എന്നാല്‍, CrPC 125-ാം വകുപ്പ് മതഭേദമന്യേ എല്ലാവര്‍ക്കും ബാധകമാണെന്നും അതുകൊണ്ടുതന്നെ ഷാ ബാനോയ്ക്ക് ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും സുപ്രീം കോടതി വിധിച്ചു. ഈ വിധി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഷാ ബാനോ കേസിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് മറുപടിയായി ഇന്ത്യന്‍ പാര്‍ലമെന്റ് The Muslim Women (Protection of Rights on Divorce) Act, 1986 പാസാക്കി.
ഈ നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്ന് ഇദ്ദ കാലയളവിനുള്ളില്‍ ഉചിതമായ ജീവിതച്ചെലവും പരിരക്ഷയും ലഭിക്കാന്‍ അര്‍ഹതയുണ്ട്.
ഇദ്ദ കാലയളവില്‍ ലഭിക്കേണ്ട മഹര്‍ ലഭിച്ചിട്ടില്ലെങ്കില്‍ അത് ലഭിക്കാനും അര്‍ഹതയുണ്ട്.
ഇദ്ദ കാലയളവിനുശേഷം ഒരു സ്ത്രീക്ക് സ്വയം സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍, മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ അവരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്.
അങ്ങനെയുള്ള ബന്ധുക്കള്‍ ഇല്ലെങ്കിലോ, ബന്ധുക്കള്‍ക്ക് സംരക്ഷിക്കാന്‍ കഴിവില്ലെങ്കിലോ, വഖഫ് ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ആ സ്ത്രീയെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്.
മുസ്‌ലിം വുമണ്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാര്യേജ്) ആക്റ്റ്, 2019 ല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നും മുത്തലാഖ് വഴി വിവാഹമോചനം നേടിയ സ്ത്രീകള്‍ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ടെന്നും പറയുന്നു.
എന്നാല്‍ ജോലി ചെയ്ത് പരിചയമുള്ള, നല്ല വിദ്യാഭാസ്യമുള്ള ഒരു സ്ത്രീ ഭര്‍ത്താവില്‍ നിന്നുള്ള ജീവനാംശം മാത്രം പ്രതീക്ഷിച്ച് ജീവിക്കരുതെന്ന് ചില കോടതികള്‍ നിരീക്ഷിച്ചിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ വിവാഹമോചനശേഷം ജീവിതം സുരക്ഷിതമാക്കാന്‍ ജീവനാംശം ഒരു നിയമപരമായ കൈത്താങ്ങാണ്.
Content Highlight: Explanation Of Alimony