| Friday, 3rd April 2026, 8:10 am

ആന്ധ്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാത്രി എട്ടിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ 52 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തി, ഗുരുതര ആരോപണവുമായി പ്രശാന്ത് ഭൂഷണും പരകാല പ്രഭാകറും

അമര്‍നാഥ് എം.

ഹൈദരാബാദ്: 2024ല്‍ നടന്ന ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന അരോപണവുമായി സാമ്പത്തിക വിദഗ്ധന്‍ പരകാല പ്രഭാകറും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും. കഴിഞ്ഞദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് വിദഗ്ധര്‍ രംഗത്തെത്തിയത്. പ്രശാന്ത് ഭൂഷണും പരകാല പ്രഭാകറിനുമൊപ്പം മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്. വൈ. ഖുറേഷിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

രാത്രി 12ന് ശേഷവും വോട്ടിങ് നടന്നെന്നാണ് പരകാല പ്രഭാകര്‍ ആരോപിക്കുന്നത്. ആകെ വോട്ടിന്റെ 4.16 ശതമാനമാണ് രാത്രി 12നും രണ്ടിനുമിടയില്‍ നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രാത്രി എട്ടുമണിക്കും പുലര്‍ച്ചെ രണ്ടു മണിക്കുമിടയില്‍ 52 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 12 മണിക്ക് ശേഷം ഓരോ 20 സെക്കന്‍ഡിന്റെ ഇടവേളകളിലും ഓരോ വോട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ഇ.വി.എമ്മുകള്‍ റീസെറ്റ് ചെയ്യാന്‍ 14 സെക്കന്‍ഡ് വേണമെന്നിരിക്കെ ആറ് സെക്കന്‍ഡില്‍ എങ്ങനെ രണ്ട് വോട്ടുകള്‍ ചെയ്യാന്‍ സാധിച്ചു? വോട്ടര്‍മാര്‍ക്ക് ബൂത്തില്‍ പ്രവേശിച്ച് വോട്ട് ചെയ്ത് പുറത്തിറങ്ങാന്‍ ഈ ആറ് സെക്കന്‍ഡ് കൊണ്ട് സാധിക്കുമോ?’ പരകാല പ്രഭാകര്‍ ചോദിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പരാമര്‍ശിച്ചു. ഓരോ ബൂത്തിലും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തെക്കുറിച്ചുള്ള ഡാറ്റ ഉള്‍പ്പെടുന്ന ഫോം 17C എന്തുകൊണ്ട് പരസ്യമാക്കിയില്ലെന്ന് ഭൂഷണ്‍ ചോദിച്ചു. മെഷീന്‍ റീഡബിള്‍ ഫോര്‍മാറ്റുകളില്‍ വോട്ടര്‍ പട്ടികകള്‍ പുറത്തിറക്കിയിട്ടില്ലെന്നും ഇത് സ്വതന്ത്ര പരിശോധന ബുദ്ധിമുട്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സുതാര്യതയോടുള്ള എതിര്‍പ്പ് കൂടുതല്‍ ആഴത്തിലുള്ള ഒരു പ്രശ്‌നത്തെ സൂചിപ്പിക്കുന്നു. ജനാധിപത്യത്തെ ഇരുട്ടിലാക്കാന്‍ കഴിയില്ല, ഇതിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണല്‍ നിര്‍ബന്ധമാക്കണം’, ഭൂഷണ്‍ പറഞ്ഞു.

പോളിങ് സമയത്തിന് ശേഷം ക്യൂവിലുള്ള വോട്ടര്‍മാരെക്കുറിച്ചുള്ള പൊതു രേഖയുടെ അഭാവവും ബൂത്ത് ലെവല്‍ ഡാറ്റയിലേക്കുള്ള തത്സമയ ആക്സസിന്റെ കുറവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവയില്ലെങ്കില്‍, വലിയ തോതിലുള്ള കൃത്രിമത്വം ശ്രദ്ധിക്കപ്പെടാതെ സംഭവിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ മുന്നറിയിപ്പ് നല്‍കി.

2024ലെ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു നാലാം തവണയും അധികാരത്തിലെത്തിയിരുന്നു. ടി.ഡി.പി 135 സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പി എട്ട് സീറ്റുകളും പവന്‍ കല്യാണിന്റെ ജനസേന 21 സീറ്റുകളും നേടി. തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ പ്രതിപക്ഷവും മറ്റ് വിദഗ്ധരും കൂടി പോളിങ് ഡാറ്റയെക്കുറിച്ച് ആശങ്കകള്‍ അറിയിച്ചിരുന്നു.

2024 മെയ് 13ന് വൈകുന്നേരം അഞ്ച് മണിക്ക് പോളിങ്  അവസാനിച്ച ശേഷം, ആന്ധ്രയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സി.ഇ.ഒ) 68.04 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തതായി മാധ്യമങ്ങളെ അറിയിച്ചു. രാത്രി എട്ട് മണിക്ക് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍, വോട്ടര്‍ ടേര്‍ണൗട്ട് 68.12 ശതമാനം ആണെന്ന് ഇ.സി.ഐ പറഞ്ഞു. രാത്രി 11.45ന്, ഇത് 76.50 ശതമാനവും നാല് ദിവസത്തിന് ശേഷം അവസാനത്തെ വോട്ടര്‍ ടേര്‍ണൗട്ട് 81.7 ശതമാനമായും രേഖപ്പെടുത്തി.

Content Highlight: Experts pointing irregularities and allegations in Andhra Pradesh assembly elections

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more