| Sunday, 7th June 2026, 12:05 pm

ധവളപത്രം എ.ഐ ഉപയോഗിച്ച് തയ്യാറാക്കിയെന്ന ആരോപണം തള്ളി വിദഗ്ധ സമിതി; രഹസ്യരേഖകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കെ.എം. ചന്ദ്രശേഖര്‍

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് തയാറാക്കിയതെന്ന ആരോപണങ്ങള്‍ തള്ളി വിദഗ്ധ സമിതി.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ രഹസ്യ രേഖകള്‍ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്നും, പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന രേഖകള്‍ മാത്രമാണ് ഇതിനായി ഉപയോഗിച്ചതെന്നും സമിതി അധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ പറഞ്ഞു.

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെയും സി.ഡി.എസിലെയും വിദഗ്ധരാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് സമിതി അറിയിച്ചു. ധവളപത്രത്തിലെ മുഴുവന്‍ കാര്യങ്ങളും എഴുതിയത് ഈ വിദഗ്ധസമിതി നേരിട്ടാണെന്നും അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു.

ധവളപത്രം എ.ഐ സഹായത്തോടെയാണ് നിര്‍മിച്ചതെന്നും ധനവകുപ്പിലെ രഹസ്യരേഖകള്‍ ഇതിനായി എ.ഐ പ്ലാറ്റ്ഫോമുകള്‍ വഴി വിശകലനം ചെയ്തുവെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ആരോപിച്ചിരുന്നു.

രണ്ട് എ.ഐ ടൂളുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ റിപ്പോര്‍ട്ടിന്റെ ഗണ്യമായ ഭാഗം എ.ഐ നിര്‍മിതമാണെന്ന് കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എ.ഐ ഉപയോഗിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ രഹസ്യരേഖകള്‍ പബ്ലിക് ഡൊമെയ്നിലേക്ക് നല്‍കിയതാണ് പ്രശ്‌നമെന്നുമാണ് തോമസ് ഐസക് ഉന്നയിച്ച പ്രധാന പരാതി. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ.എം ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Expert panel rejects allegations that white paper was prepared using AI; KM Chandrasekhar says no confidential documents were used

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more