| Wednesday, 22nd January 2025, 2:54 pm

പുരുഷ ടീം കളിക്കുന്നു, എന്നാല്‍ ഞങ്ങള്‍ക്കതിന് സാധിക്കുന്നില്ല എന്നതാണ് ഏറെ സങ്കടകരം: നാടുകടത്തപ്പെട്ട അഫ്ഗാന്‍ വനിതാ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

തങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ റാഷിദ് ഖാന്‍ അടക്കമുള്ള പുരുഷ താരങ്ങളോട് ആവശ്യപ്പെട്ട് നാടുകടത്തപ്പെട്ട വനിതാ താരങ്ങള്‍. തങ്ങള്‍ക്കായി ദയവായി എന്തെങ്കിലും ചെയ്യണമെന്നും അതിലൂടെ തങ്ങള്‍ക്ക് കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയുടെ പവര്‍പ്ലേ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് അഫ്ഗാന്‍ താരങ്ങളായ ഫിറൂസ അമിരിയും ബെനഫ്ഷ ഹാഷിമിയും പ്രതീക്ഷകള്‍ പങ്കുവെച്ചത്.

താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണമേറ്റെടുത്തതോടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള അവകാശങ്ങള്‍ ഇല്ലാതാക്കുകയും കായികരംഗത്തെ പ്രാതിനിധ്യം പൂര്‍ണമായി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാന് ഐ.സി.സിയുടെ ഫുള്‍ മെമ്പര്‍ പദവി ലഭിച്ചതിനാല്‍ അവര്‍ക്ക് വനിതാ ക്രിക്കറ്റ് ടീം ഉണ്ടാകേണ്ടത് അനിവാര്യമാണ്. എന്നാല്‍ നിലവില്‍ അഫ്ഗാനിസ്ഥാന് വനിതാ ക്രിക്കറ്റ് ടീം ഇല്ല. അഫ്ഗാനിസ്ഥാന്‍ പുരുഷ ടീം ഐ.സി.സി ഇവന്റുകളില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണിത്.

‘അഫ്ഗാനിസ്ഥാന്‍ പുരുഷ ടീം ഞങ്ങള്‍ക്ക് പ്രതീക്ഷയായിരുന്നു. അവരായിരുന്നു ഞങ്ങളുടെ റോള്‍ മോഡലുകള്‍. ഇപ്പോള്‍ ഞാന്‍ അവരെ പിന്തുണയ്ക്കുന്നില്ല എന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല.

പക്ഷേ, എനിക്ക് അഫ്ഗാനിസ്ഥാന് വേണ്ടി കളിക്കാന്‍ സാധിക്കുന്നില്ല. പുരുഷ ടീം രാജ്യത്തിനായി കളിക്കുകയും എന്നാല്‍ വനിതാ ടീമിന് അതിന് സാധിക്കുന്നുമില്ല എന്നതാണ് കൂടുതല്‍ ഹൃദയഭേദകം. ഇത് തീര്‍ത്തും തെറ്റാണ്. പുരുഷന്‍മാര്‍ക്ക് സാധിക്കുന്നതെന്തും വനിതകള്‍ക്കും സാധിക്കും,’ അമിരി പറഞ്ഞു.

‘അവര്‍ (പുരുഷ ടീം) ഞങ്ങളെ പിന്തുണയ്ക്കുകയാണെങ്കില്‍ അത് വനിതാ ടീമിന് ഏറെ ആശ്വാസമാകും. അവര്‍ക്ക് ഞങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍, അഫ്ഗാനിസ്ഥാന്‍ താരങ്ങളെ ദയവായി ഞങ്ങള്‍ പെണ്‍കുട്ടികളുടെ ശബ്ദമായി മാറൂ. ഞങ്ങള്‍ക്കായി കൂടുതലെന്തെങ്കിലും ചെയ്യൂ. വനിതകള്‍ക്കായും എന്തെങ്കിലും ചെയ്യൂ.

നിങ്ങളാണ് അഫ്ഗാനിസ്ഥാന്റെ ശബ്ദം. നിലവില്‍ അവരാണ് ഏറ്റവും പ്രശസ്തരായ ആളുകള്‍. അവര്‍ക്ക് ദശലക്ഷക്കണക്കിന് വരുന്ന പെണ്‍കുട്ടികളുടെ ശബ്ദമായി മാറാന്‍ സാധിക്കും,’ അമിരി കൂട്ടിച്ചേര്‍ത്തു.

വനിതാ താരങ്ങളെ വിലക്കിയ അഫ്ഗാനിസ്ഥാന്റെ നിലപാടിനെതിരെ വിവിധ ക്രിക്കറ്റിങ് നേഷനുകള്‍ രംഗത്തെത്തിയിരുന്നു. വനിതാ താരങ്ങളെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് നിലവില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനെതിരെ ബൈലാറ്ററല്‍ പരമ്പരകള്‍ കളിക്കാറില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ നിന്നും ഇംഗ്ലണ്ട് ടീം പിന്മാറണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെട്ടിരുന്നു.

Content Highlight: Exiled women’s players ask Afghan men’s team to speak up for them

We use cookies to give you the best possible experience. Learn more