| Saturday, 5th September 2026, 1:31 pm

മാതൃകാപരം, അഭിനന്ദനാര്‍ഹം; ബാലഗോകുലം പരിപാടിക്കെത്തിയ മുഹമ്മദ് ഷിയാസിനെ പുകഴ്ത്തി ആര്‍.വി ബാബു

നിഷാന. വി.വി

കൊച്ചി: ആര്‍.എസ്.എസ് സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി പരിപാടിയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവും കൊച്ചി എം.എല്‍.എയുമായ മുഹമ്മദ് ഷിയാസിന് അഭിനന്ദനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി ബാബു.

എം.എല്‍.എയുടെ നടപടി മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണൈന്നു ആര്‍.വി ബാബു പറഞ്ഞു. ഫേസ്ബുക്കില്‍ ഫോട്ടോയടക്കം പങ്കുവെച്ചായിരുന്നു കോണ്‍ഗ്രസ് നേതാവിനെ അഭിനന്ദിച്ച് കൊണ്ടുളള ഹിന്ദുത്വ നേതാവിന്റെ പോസ്റ്റ്.

‘കൊച്ചിയില്‍ നടന്ന ശോഭായാത്രയില്‍ പങ്കെടുത്ത് കൊച്ചി എം.എല്‍.എ കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് ഷിയാസ് . കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മനാഫിനൊപ്പമാണ് അദ്ദേഹം ശോഭായാത്രയില്‍ പങ്കെടുത്തത്. മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ് എം.എല്‍.എയുടെ നടപടി,’ ആര്‍.വി ബാബു കുറിച്ചു.

കൊണ്ടോട്ടിയില്‍ നടന്ന ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ടി.പി അഷ്‌റഫലി എം.എല്‍.എ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കട്ടപ്പനയിലെ ശോഭായാത്രയില്‍ ഡീന്‍ കുര്യാക്കോസ് എം.പി പങ്കെടുത്തിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വലിയ വിമര്‍ശനങ്ങളാണ് ഇത്തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിനെതിരെ ഉയരുന്നത്.

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്‍.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍ പറഞ്ഞിരുന്നു. കേരളത്തിലെ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ ശ്രീകൃഷ്ണ ജയന്ത്രി ഘോഷയാത്രകള്‍ ആരംഭിച്ചതെന്നും പി. ജയരാജന്‍ ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ വ്യക്തമാക്കി.

ശ്രീകൃഷ്ണനിലുള്ള വിശ്വാസം എത്രയോ കാലമായിട്ട് നമ്മുടെ സമൂഹത്തില്‍ ഉണ്ട്. പക്ഷേ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ അയിത്തജാതികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. 1934ലെ ക്ഷേത്രപ്രവേശന വിളംബരം വരുന്നതുവരെ അങ്ങോട്ട് അയിത്തജാതിക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും പി. ജയരാജന്‍ ചൂണ്ടിക്കാട്ടി.

‘നായര്‍ സമുദായത്തില്‍ പെട്ട ആളുകള്‍ക്ക് പോലും അങ്ങോട്ട് പ്രവേശനം നിയന്ത്രിതമായിരുന്നു. നായര്‍ കടന്നുപോ കടന്നുപോ എന്ന് അവിടെ പലപ്പോഴും വിളിച്ചു പറയുന്നതായിട്ട് മന്നത്ത് പത്മനാഭന്‍ പോലും പറഞ്ഞിട്ടുണ്ട്,’ എന്നും സി.പി.ഐ.എം കണ്ണൂര്‍ ജില്ല കമ്മിറ്റി ആരംഭിച്ച മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന പോഡ് കാസ്റ്റില്‍ സംസാരിക്കവെ പി. ജയരാജന്‍ പറഞ്ഞു.

Content Highlight: Exemplary and praiseworthy; R.V. Babu praises Mohammed Shiyas for attending the Balagokulam event.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more