ന്യൂദല്‍ഹി: നക്‌സല്‍ ബാധിത മേഖലകളില്‍ നിന്ന് കേരളത്തിലെ രണ്ട് ജില്ലകളെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് (വ്യാഴം) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
നക്‌സല്‍ ബാധിത മേഖലകളില്‍ നിന്ന് വയനാട്, കണ്ണൂര്‍ ജില്ലകളെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ കേരളം മാവോയിസ്റ്റ് മുക്തമെന്ന് അറിയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സംസ്ഥാനത്തിന് ഇനിമുതല്‍ മാവോയിസ്റ്റ് പ്രതിരോധത്തിന് ഫണ്ട് നല്‍കില്ലെന്നും പറഞ്ഞിരുന്നു.
അതേസമയം പശ്ചിമഘട്ടത്തില്‍ നിരീക്ഷണം തുടരുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഈ മേഖലയില്‍ ഇപ്പോള്‍ മാവോയിസ്റ്റ് വിരുദ്ധ സേനയാണ് നിരീക്ഷണം നടത്തുന്നത്.
വയനാടിനും കണ്ണൂരിനും പുറമെ മലപ്പുറം, പാലക്കാട് എന്നീ ജില്ലകളെയും നക്‌സല്‍ ബാധിത മേഖലകളില്‍ നിന്ന് കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇതില്‍ വയനാട്, കണ്ണൂര്‍ ജില്ലകളുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ആശങ്ക ഉന്നയിച്ചത്.
ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, കേരളത്തില്‍ ഇതുവരെ 735 കേസുകളാണ് മാവോയിസ്റ്റുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ മാത്രമായി 425 കേസുകളാണ് ഫയല്‍ ചെയ്തത്. അഞ്ച് കേസുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയുടെ പരിഗണനയിലുമാണ്.
നാളെ (വെള്ളി) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നിലവില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ദല്‍ഹിയിലുണ്ട്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഉന്നയിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: Exclusion of Kannur and Wayanad districts from Naxal-affected areas should be reviewed: Chief Minister