| Tuesday, 22nd July 2025, 9:56 am

ബീഹാറിലെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പൗരത്വത്തെ ബാധിക്കില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാറിലെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പൗരത്വത്തെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) പ്രകാരം വോട്ടര്‍ പട്ടികയില്‍ ഇടം കിട്ടിയില്ലെങ്കിലും പൗരത്വം നഷ്ടമാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടത്‌.

ഭരണഘടനാപരമായ വോട്ടവകാശം ഉറപ്പാക്കുന്നതിന് പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യപ്പെടാന്‍ കമ്മീഷന് അധികാരമുണ്ടെന്നും ഒരു പാര്‍ലമെന്ററി നിയമത്തിനും ഇ.സി.ഐയുടെ ഈ അധികാരപരിധി ഇല്ലാതാക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് ഇ.സി.ഐയുടെ പ്രതികരണം.

പൗരത്വം നിര്‍ണയിക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേകാവകാശമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അടിയന്തര രേഖകളായി വോട്ടര്‍ ഐ.ഡിയും ആധാറും പരിഗണിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ആധാര്‍ അടിസ്ഥാന രേഖയല്ലെന്ന കമ്മീഷന്റെ വാദം തള്ളിയായിരുന്നു കോടതിയുടെ നിര്‍ദേശം.

വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 59 ശതമാനം നടപടിക്രമങ്ങളും പൂര്‍ത്തിയായെന്ന് കമ്മീഷന്‍ അറിയിച്ചതോടെ കമ്മീഷന്റെ നടപടി കോടതി സ്റ്റേ ചെയ്തില്ല. എന്നാല്‍ പട്ടിക സമഗ്രമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആധാര്‍, വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് എന്നിവ പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലുള്ള 11 രേഖകളുടെ പട്ടികയില്‍ കമ്മീഷന്‍ ഇവ ഉള്‍പ്പെടുത്തിയിട്ടില്ല. ഹരജി ഈ മാസം 28ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

‘ആര്‍ട്ടിക്കിള്‍ 326 പ്രകാരമുള്ള യോഗ്യത പരിശോധിക്കുന്നതിന് ആധാര്‍ സഹായിക്കുന്നില്ല. എന്നിരുന്നാലും, യോഗ്യത തെളിയിക്കുന്നതിനുള്ള മറ്റ് രേഖകള്‍ക്ക് അനുബന്ധമായി ആധാര്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഇതിനര്‍ത്ഥമില്ല. പട്ടിക കേവലം സൂചകമാണ്, സമഗ്രമല്ല,’ സത്യവാങ്മൂലത്തില്‍ പറയുന്നു.

ജനസംഖ്യയുടെ വലിയൊരു ഭാഗം ഇതിനകം തന്നെ നിര്‍ദേശിച്ച 11 രേഖകളില്‍ ഒന്നോ അതിലധികമോ രേഖകള്‍ കൈവശം വെച്ചിട്ടുണ്ടെന്ന് ഇ.സി.ഐ അവകാശപ്പെട്ടിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവെയാണ് ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനുള്ള ശ്രമത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കം കുറിച്ചത്. ബീഹാര്‍ ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് വിദേശ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ള നടപടിയാണിതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

എസ്.ഐ.ആര്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയുടെ ഒരു സമഗ്ര പരിഷ്‌കരണം നടത്തിയിരുന്നു. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് അവരുടെ പേര് ചേര്‍ക്കാനോ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാനോ തെറ്റ് തിരുത്താനോ സാധിക്കും.

എന്നാല്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം വോട്ടുചെയ്ത വോട്ടര്‍മാര്‍ പുതിയ പരിഷ്‌ക്കരണത്തിലൂടെ പുറത്താക്കപ്പെട്ടു. ജൂണില്‍ തയ്യാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുനപരിശോധന നടക്കുന്നത്.

Content Highlight: Exclusion from Bihar voter list does not a

ffect citizenship: Election Commission

We use cookies to give you the best possible experience. Learn more