| Tuesday, 13th May 2025, 3:19 pm

വാടക കെട്ടിടത്തില്‍ നിന്ന് ലഹരി കണ്ടെത്തിയാല്‍ ഉടമ പ്രതിയാവുമെന്ന എക്‌സൈസ് നിര്‍ദേശം പ്രായോഗികമല്ല; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാടക കെട്ടിടത്തില്‍ നിന്ന് ലഹരി കണ്ടെത്തിയാല്‍ കെട്ടിട ഉടമ പ്രതിയാവുമെന്ന എക്‌സൈസ് നിര്‍ദേശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. എക്‌സൈസിന്റെ നിര്‍ദേശം അപ്രായോഗികമാണെന്നും പിന്‍വലിക്കമണമെന്നുമാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ തന്നെ വാടകയ്ക്ക് വീടുകള്‍ കൊടുക്കാന്‍ ആളുകള്‍ക്ക് മടിയാണെന്നും അത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയൊരു നിര്‍ദേശം പ്രായോഗികമല്ലെന്നും ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മുരളി തുമ്മാരുക്കുടി അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വാടക കെട്ടിടത്തത്തില്‍ നിന്നും ലഹരി പിടകൂടിയാല്‍ ഉടമകളും പ്രതികളാകും’ എന്ന വാര്‍ത്ത സത്യമാണോ എന്ന് ചോദിച്ച് 24 ന്യൂസിന്റെ കാര്‍ഡ് പങ്കുവെച്ചായിരുന്നു മുരളി തുമ്മാരുക്കുടിയുടെ ചോദ്യം. കേരളത്തില്‍ നിലവില്‍ പ്രവാസികളായ ആളുകള്‍ക്ക് വീടുകള്‍ വാടകയ്ക്ക് കൊടുക്കാന്‍ പൊതുവെ താത്പര്യം കുറവാണെന്നും ഈ ഒരു നിര്‍ദേശം കൂടി വന്നാല്‍ അത് ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാട്ടില്‍ വാടകക്ക് കൊടുത്തിരിക്കുന്ന ഒരു വീട്ടില്‍ എന്താണ് നടക്കുന്നതെന്ന് പതിനായിരം മൈല്‍ അകലെയുള്ള ഉടമക്ക് എങ്ങനെ ഉറപ്പുവരുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ അടുത്ത് വീട് വാടകക്ക് ചോദിച്ച് വരുന്നവര്‍ ഭാവിയില്‍ ലഹരി ഉപയോഗിക്കുമോയെന്ന് എങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.

രണ്ടായിരത്തി പതിനൊന്നിലെ കണക്കനുസരിച്ച് കേരളത്തില്‍ പത്തുലക്ഷത്തിലധികം വിടുകളും ഫ്‌ലാറ്റുകളും പൂട്ടിയിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വാര്‍ത്ത വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇത് പ്രായോഗികമല്ലാത്ത നിര്‍ദേശമാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതം ഉള്ളതിനാല്‍ പിന്‍വലിക്കണമെന്നും മുരളി തുമ്മാരുകുടി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ അഭിഭാഷകനായ ഹരീഷ് വാസുദേവനും പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ അറിയാതെ വിവരമില്ലാത്ത ഉദ്യോഗസ്ഥര്‍ ആരോ ഇറക്കിയതാണെന്നും നിയമപരമായി നിലനില്‍പ്പില്ലാത്ത ഈ നിര്‍ദേശം സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പിന്‍വലിച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഉത്തരവിന്റെ ഫയല്‍ സ്‌ക്രൂട്ടിനിക്ക് വിധേയമാക്കണമെന്നും നിയമം അറിയാത്ത ഏത് മണ്ടനാണ് ഇത് അപ്രൂവ് ചെയ്തതെന്ന് മനസിലാക്കി അയാളെ ട്രെയിനിങ്ങിന് വിടണമെന്നും ഹരീഷ് വാസുദേവന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വാടകക്കെട്ടിടത്തില്‍ നിന്ന് ലഹരി ഉപയോഗം പിടികൂടിയാല്‍ ഭവന ഉടമകളും പ്രതികളാവുമെന്നും ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍. മനോജ് ആണ് പറഞ്ഞത്.

അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് എക്‌സൈസ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ കെട്ടിട ഉടമകള്‍ക്കായി ബോധവല്‍ക്കരണവും പ്രത്യേക പരിപാടികളും ആരംഭിക്കുമെന്നും എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചിരുന്നു.

Content Highlight: Excise directive that the owner will be held responsible if intoxicants are found in a rented building is impractical; should be withdrawn: Murali Thummarukudy

We use cookies to give you the best possible experience. Learn more