| Tuesday, 15th September 2026, 1:52 pm

ട്രംപിന് തിരിച്ചടി: വിദേശവിദ്യാര്‍ഥികള്‍ക്കുള്ള വിസ നിയന്ത്രണം തടഞ്ഞ് ജഡ്ജി

ദേവിക ജയചന്ദ്രന്‍

വാഷിങ്ടണ്‍ ഡി.സി: വിദേശവിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എത്ര കാലം രാജ്യത്ത് തുടരാം എന്നതില്‍ ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ താത്കാലികമായി തടഞ്ഞ് യു.എസ് ഫെഡറല്‍ ജഡ്ജി.

ബോസ്റ്റണിലെ ഫെഡറല്‍ ഡിസ്ട്രിക്ട് ജഡ്ജി എഫ്. ഡെന്നിസ് സെയ്‌ലര്‍ ആണ് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്.  ട്രംപിന്റെ വിസ നയത്തിനെ ചോദ്യം ചെയ്ത ഉന്നതവിദ്യാഭ്യാസ സംഘടനകളെയും വിദ്യാര്‍ഥി യൂണിയനുകളെയും അനുകൂലിച്ചാണ് വിധി പ്രസ്താവം.

യു.എസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡി.എച്ച്.എസ്.) ചൊവ്വാഴ്ച നിയമം നടപ്പിലാക്കാനിരിക്കവെ ആണ് കോടതി വിധി.

അസാധാരണമാം വിധം ദുര്‍ബലമാണ് നയത്തിനുപിന്നിലെ യുക്തികളെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയും തട്ടിപ്പ്‌ തടയലും അടിസ്ഥാനമാക്കിയാണ് നയരൂപീകരണം എന്നാണ് ഡി.എച്ച്.എസ് ന്യായീകരിച്ചത്.

എന്നാല്‍ നിര്‍ദിഷ്ട മാറ്റങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനും ബദലുകള്‍ പരിശോധിക്കുന്നതിലും നിയമപരമായ ബാധ്യതകള്‍ പാലിക്കുന്നതില്‍ ഡി.എച്ച്.എസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.

ജൂലൈയില്‍ ഡി.എച്ച്.എസ് അവതരിപ്പിച്ച പുതിയ നിയമമനുസരിച്ച് വിദേശ വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് വിദഗ്ധര്‍ക്കും നല്‍കുന്ന വിസകള്‍ നാല് വര്‍ഷത്തേക്ക് പരിമിതപ്പെടുത്തും. വിദേശമാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന വിസക്ക് നിലവില്‍ അനിശ്ചിതകാലത്തേക്ക് സാധുതയുണ്ട്. പുതിയ നിയമത്തില്‍ അത് 240 ദിവസത്തക്ക് പരിമിതപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.

ഈയാഴ്ച വിദേശതൊഴിലാളികള്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നിര്‍ദേശം ട്രംപ് ഭരണകൂടം നല്‍കിയിരുന്നു. നിലവില്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട ശേഷം യു.എസില്‍ തുടരാന്‍ 60 ദിവസത്തെ ഗ്രേസ് പിരീയഡ് ഉണ്ട്. ഇതൊഴിവാക്കാന്‍ ഡി.എച്ച്.എസ് നിര്‍ദേശിച്ചിട്ടുണ്ട്.

വിദേശത്തുനിന്നുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും യു.എസില്‍ പഠിക്കാനും തൊഴില്‍ ചെയ്യാനും സാധ്യമാക്കുന്ന സംവിധാനം ശാസ്ത്രം, വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ രംഗങ്ങളിലെ പുരോഗതിയ്ക്കും സാമ്പത്തികനേട്ടങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്ന് ജഡ്ജ് സെയ്‌ലര്‍ പറഞ്ഞു.

ഡി.എച്ച്.എസിന്റെ പുതിയ നയം ഈ സംവിധാനത്തിന്റെ ചട്ടക്കൂടിനെ അടിസ്ഥാനപരമായി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ നിയമം പ്രധാന ഗവേഷണ സര്‍വകലാശാലകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ അധിക ചെലവുകള്‍ വരുത്തിവെക്കുമെന്നും പ്രവേശനം കുറക്കുമെന്നും ജഡ്ജ് സെയ്‌ലര്‍ പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന എഫ് വിസയുള്ള 1.6 ദശലക്ഷത്തോളം പേര്‍ യു.എസ് സര്‍വകലാശാലകളിലുണ്ട്. എകദേശം 500,000 ത്തോളം പേര്‍ക്ക് സംസ്‌കാരിക വിനിമയപരിപാടികള്‍ക്കുള്ള ജെ വിസയുണ്ട്.

Content Highlight: ‘Exceptionally weak rationales’: Judge blocks Trump admin’s new visa rule for students, journalists

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more