റിയാദ്: ഹൂത്തികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ സൗദിയിലെ മക്കയും മദീനയും ഒഴികെയുള്ള എല്ലാ വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ട്. നിരവധി വിമാനക്കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും രാജ്യത്ത് നിശ്ചയിച്ചിരുന്ന വിമാന സര്‍വീസുകളില്‍ മൂന്നിലൊന്ന് ഭാഗവും റദ്ദാക്കുകയും ചെയ്‌തെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയതു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ തുടര്‍ച്ചയായ ആക്രമണങ്ങളും ഹൂത്തികളുടെ ഭാഗത്തുനിന്നുള്ള വെല്ലുവിളികളുമാണ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. തിങ്കളാഴ്ച റിയാദില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളില്‍ ഏകദേശം 60 ശതമാനവും റദ്ദാക്കിയതായി ഏവിയേഷന്‍ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടി റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഞായറാഴ്ച രാജ്യത്താകെയുള്ള വിമാനത്താവളങ്ങളിലെ 99.7 ശതമാനം വിമാനങ്ങളും റദ്ദാക്കിയതായും സിറിയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
റിയാദിന് പുറമെ ജിദ്ദയും ദമാമും അടക്കമുള്ള പ്രധാന നഗരങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും സംഘര്‍ഷം ബാധിച്ചു. റിയാദിന് പുറെ ദമാം വിമാനത്താവളവും അടച്ചിടേണ്ടി വന്നതായി ഞായറാഴ്ച ഫ്‌ലൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജിദ്ദ വിമാനത്താവളത്തിലെ 70 ശതമാനത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിലെ 156 സര്‍വീസുകള്‍ റദ്ദാക്കി. ജിദ്ദയിലെ ആകെ വിമാന സര്‍വീസുകളുടെ 20 ശതമാനം വരുമിത്. 374 വിമാനങ്ങള്‍ വൈകി. ആകെ സര്‍വീസുകളുടെ 49 ശതമാനമാണിത്.
റിയാദിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്. ഈ മാാസം 16 വരെയുള്ള റിയാദ് സര്‍വീസുകള്‍ റദ്ദാക്കിയതായി ലുഫ്താന്‍സ അറിയിച്ചു. എയര്‍ ഫ്രാന്‍സ്-കെഎല്‍എം ഈ മാസം 30 വരെയുള്ള റിയാദ് സര്‍വീസുകളും നിര്‍ത്തിവെച്ചു. സൗദിയിലേക്കോ സൗദി എയര്‍ സ്‌പേസ് വഴിയോ വിമാനങ്ങള്‍ പറത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യു.എസ് വിമാന കമ്പനികള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കി.
റിയാദ് വിമാനത്താവളത്തിന് നേര്‍ക്കുള്ള ആക്രമിച്ചതിന് പുറമെ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഹൂത്തികള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മക്ക, മദീന എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ ഒഴികെയുള്ള സൗദി വിമാനത്താവളങ്ങളും വ്യോമപാതയും ഉപയോഗിക്കരുതെന്നായിരുന്നു വിമാനക്കമ്പനികള്‍ക്കും ഷിപ്പിംഗ് കമ്പനികള്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയത്.
‘സൗദി വിമാനത്താവളങ്ങളും വ്യോമപാതയും ഉപയോഗിക്കുന്നതിനെതിരെ എല്ലാ വ്യോമയാന, ഷിപ്പിങ് കമ്പനികള്‍ക്കും വിദഗ്ധര്‍ക്കും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും യെമന്‍ സായുധ സേന തങ്ങളുടെ മുന്നറിയിപ്പ് ആവര്‍ത്തിക്കുന്നു. ഞങ്ങളുടെ മുന്നറിയിപ്പുകള്‍ ഗൗരവമായി കാണണം,’ എന്ന് കഴിഞ്ഞ ദിവസം ഹൂത്തി സൈനിക വക്താവ് യഹ്യ സരീ എക്‌സ് പോസ്റ്റില്‍ കുറിച്ചു. ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം സൗദിക്കായിരിക്കുമെന്നും ഹൂത്തി സൈനിക വക്താവ് പറഞ്ഞു.
തുടര്‍ച്ചയായ ഹൂത്തി ആക്രമണങ്ങളെത്തുടര്‍ന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം നീട്ടുന്നതായി സൗദി അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടത് തുടരും എന്ന് പറഞ്ഞത്. സുരക്ഷയും പ്രവര്‍ത്തനസജ്ജതയും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇതെന്ന് അതോറിറ്റി വ്യക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ എന്ന് പുനരാരംഭിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ശനിയാഴ്ച നടന്ന ആക്രമണം ഒരു ദശാബ്ദത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു. ഈ സംഭവത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിരുന്നു.
Content Highlight: ‘Except Mecca and Medina’: Chaos across Saudi airports as Houthis claim Riyadh strikes