| Thursday, 20th November 2025, 8:16 am

മികച്ച പ്രകടനം; കെ.എസ്.ഇ.ബിയ്ക്ക് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്റെ എ ഗ്രേഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ‘കെ.എസ്.ഇ.ബി’ ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഏജന്‍സികളിലൊന്നാണെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം. 2023-24 ലെ ഡാറ്റകള്‍ അനുസരിച്ച് കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സ്ഥാപനമായ
പവര്‍ ഫിനാന്‍സ് കോര്‍പറേഷന്റെ റിപ്പോര്‍ട്ടിലാണ് കെ.എസ്.ഇ.ബി നേട്ടം കൈവരിച്ചത്.

ദേശീയ ശരാശരിയെ അപേക്ഷിച്ച് കുറഞ്ഞ നഷ്ടമാണ് ഈ വര്‍ഷങ്ങളില്‍ കെ.എസ്.ഇ.ബിയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇത് ഉള്‍പ്പെടെ രാജ്യത്തെ 107 പവര്‍ യൂട്ടിലിറ്റികളുടെ (ഡിസ്ട്രിബ്യൂഷന്‍, ജനറേഷന്‍, ട്രാന്‍സ്മിഷന്‍, ട്രേഡിങ്) 2023-2024ലെ പ്രകടനം വിലയിരുത്തിയാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2025 ഒക്ടോബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കേരളത്തിന് എ ഗ്രേഡ് ആണ് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന പിരിവ്, കാര്യക്ഷമത, കുറഞ്ഞ കുടിശ്ശിക, സബ്സിഡി ലഭ്യത എന്നിവയും ഈ നേട്ടത്തിന് കാരണമായി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കെ.എസ്.ഇ.ബിയുടെ ഉത്പാദന-വിതരണ അനുപാതത്തില്‍ കുറവ് വന്നതായാണ് വിവരം. മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കെ.എസ്.ഇ.ബിയ്ക്ക് ചെലവുകളും കുറയ്ക്കാനായിട്ടുണ്ട്.

35,694 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ ആസ്തി. വൈദ്യുതി വില്‍പന വരുമാനം 20,056 കോടിയും. 2023-24ലെ മൊത്തം വരുമാനം 22,570 കോടി രൂപയുമാണ്. അതായത് സബ്സിഡി ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തി 79 കോടി രൂപ ലാഭത്തിലാണ് കെ.എസ്.ഇ.ബി.

കെ.എസ്.ഇ.ബിയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 7.77 രൂപയാണ് ചെലവാകുക. എന്നാല്‍ ദേശീയ ശരാശരിയില്‍ ഇത് 7.09 രൂപയാണ്. വൈദ്യുതി ബില്‍ കൃത്യമായി പിരിക്കുന്ന ശേഷി കേരളത്തില്‍ 98.36 ശതമാനവും ദേശീയ ശരാശരിയില്‍ 96.51 ശതമാനവുമാണ്.

ഇതിനുപുറമെ രാജ്യത്തെ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത വിതരണ ഏജന്‍സികള്‍ ശമ്പളം, പെന്‍ഷന്‍ എന്നീ ഇനത്തില്‍ ഈ വര്‍ഷം ചെലവാക്കിയത് 76,836 കോടി രൂപയാണ്. ഇത് മൊത്തം ചെലവിന്റെ 7.63 ശതമാനമാണ്. സ്വകാര്യ മേഖലയില്‍ 7.74 ശതമാനം മാത്രമാണ് ഇത്തരത്തില്‍ ചെലവിടുന്നത്.

എന്നാല്‍ കെ.എസ്.ഇ.ബിയില്‍ ഇത് 3.948 കോടിയാണ്. ആകെ ചെലവിന്റെ 17.54 ശതമാനവും ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നീ ഇനത്തിലേക്കാണ് മാറ്റിവെക്കുന്നത്.

Content Highlight: Excellent performance; KSEB gets A grade from Power Finance Corporation

We use cookies to give you the best possible experience. Learn more