| Thursday, 11th June 2026, 5:32 pm

ഈസ്റ്റര്‍ ദിന ആക്രമണത്തിന് പിന്നില്‍ മുന്‍ രഹസ്വാന്വേഷണ മേധാവി സുരേഷ് സല്ലേ തന്നെയെന്ന് ശ്രീലങ്കന്‍ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ബോംബാക്രമണങ്ങള്‍ നടപ്പാക്കിയത് മുന്‍ ഇന്റലിജന്‍സ് മേധാവി സുരേഷ് സല്ലേയാണെന്ന് പൊതു സുരക്ഷാ മന്ത്രി ആനന്ദ വിജേപാല. ശ്രീലങ്കന്‍ പാര്‍ലമെന്റിലാണ് മന്ത്രി ഇക്കാര്യം പറയുന്നത്. ഇതാദ്യമായാണ് ആക്രമണത്തില്‍ സുരേഷ് സല്ലേയുടെ പങ്ക് സംബന്ധിച്ച് ഒരു മന്ത്രിയുടെ ഭാഗത്ത് നിന്നുള്ള പരാമര്‍ശം വരുന്നത്.

ആക്രമണവുമായി ബന്ധപ്പെട്ട് സുരേഷ് സല്ലേയെ ഈ വര്‍ഷം ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിനായി ഗൂഢാലോചന നടത്തിയത് സല്ലേ ആണെന്ന് വിജേപാല പറഞ്ഞു. ആക്രമണം നടത്തുന്നതിലേക്ക് ഭീകരവാദികളെ നയിക്കാനായി നീക്കം നടത്തിയതും മുന്‍ രഹസ്യാന്വേഷണ മേധാവിയാണെന്നും മന്ത്രി പറഞ്ഞു.

ശ്രീലങ്കയില്‍ സാധാരണക്കാര്‍ക്ക് നേര്‍ക്ക് നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് 2019ലെ ഈസ്റ്റര്‍ ദിനത്തിലേത്. മൂന്ന് ആഡംബര ഹോട്ടലുകള്‍ക്കും രണ്ട് റോമന്‍ കത്തോലിക്കാ പള്ളികള്‍ക്കും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിക്കും നേര്‍ക്കാണ് അന്ന് ബോംബാക്രമണം നടന്നത്.

ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ചാനല്‍ 4 സുരേഷ് സല്ലേയ്ക്ക് ഭീകരവാദികളുമായി പങ്കുണ്ടെന്നും ആക്രമണത്തിനുമുന്‍പ് ഭീകരവാദികളെ കണ്ടിരുന്നെന്നും 2023 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആക്രമണത്തിന് ശേഷം നടന്ന ശ്രീലങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാജപക്സെ ദിസ്സനായകക്ക് അനുകൂലമാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും ചാനല്‍ 4 ന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

2019ലെ ഭീകരാക്രമണത്തിന് രണ്ടു ദിവസത്തിന് ശേഷമായിരുന്നു രാജപക്സെ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പില്‍ രാജപക്സെ വിജയിച്ചതിനുശേഷമാണ് സുരേഷ് സല്ലേയ്ക്ക് രഹസ്യാന്വേഷണ വിഭാഗം മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

എന്നാല്‍ 2024 ല്‍ ഭരണത്തിലെത്തിയ അനുര കുമാര ദിസ്സനയക് സുരേഷ് സല്ലേയെ പുറത്താക്കുകയും ഭീകരവാദത്തിന് പുറകിലുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് മാധ്യമത്തിന്റേതടക്കമുള്ള ആരോപണങ്ങള്‍ സുരേഷ് സല്ലേ മുന്‍പേ തള്ളിപറഞ്ഞിരുന്നു.

2019 ലെ ഭീകരാക്രമണത്തില്‍ 11 ഇന്ത്യകാരുള്‍പ്പെടെ 49 വിദേശികള്‍ മരണപ്പെട്ടിരുന്നു. ആകെ 279 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ 500 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഭീകരാക്രമണത്തിന്റെ രഹസ്യമാക്കി വച്ചിരുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെതന്നെ ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു.

Content Highlight: Ex-intelligence chief Suresh Sallay behind 2019 Easter bombings, says Sri Lanka Minister

We use cookies to give you the best possible experience. Learn more