| Friday, 29th May 2026, 3:23 pm

യുദ്ധക്കുറ്റ അന്വേഷണം അട്ടിമറിക്കാന്‍ മൊസാദ് വര്‍ഷങ്ങളോളം ഭീഷണിപ്പെടുത്തിയതായി ഐ.സി.സി മുന്‍ പ്രോസിക്യൂട്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: ഇസ്രഈല്‍ യുദ്ധക്കുറ്റകൃത്യങ്ങള്‍ക്കെതിരായ അന്വേഷണങ്ങളെ അട്ടിമറിക്കാന്‍ വര്‍ഷങ്ങളോളം മൊസാദ് ഭീഷണിപ്പെടുത്തിയിരുന്നതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) മുന്‍ മുഖ്യ പ്രോസിക്യൂട്ടര്‍. ഇസ്രഈല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദില്‍ നിന്ന് പത്ത് വര്‍ഷത്തോളം താന്‍ ഭീഷണി നേരിട്ടതായി ഐ.സി.സി മുന്‍ പ്രോസിക്യൂട്ടര്‍ ഫറ്റോ ബെന്‍സോദ ഹേഗില്‍ ഒരു പ്രഭാഷണത്തിനിടെ പറഞ്ഞു.

ഇക്കാലയളവില്‍ തന്റെ മേല്‍ നിരന്തര നിരീക്ഷണമുണ്ടായിരുന്നതായും ബെന്‍സോദ പറഞ്ഞു. തന്റെ കുടുംബത്തെ ലക്ഷ്യംവച്ചുള്ള സമ്മര്‍ദങ്ങളടക്കം നേരിട്ടിരുന്നു. മൊസാദ് മുന്‍ മേധാവി യോസി കോഹന്‍ ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനൗദ്യോഗിക ദൂതനെന്ന തരത്തില്‍ ഒരു കേസ് ഉപേക്ഷിക്കുന്നതിനായി ഇടപെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു.

തനിക്കെതിരെ മൊസാദ് പ്രചാരണങ്ങള്‍ നടത്തിയെന്നും ഐ.സി.സി മുന്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഇക്കാലയളവില്‍ ആരുടെയും പിന്തുണയില്ലാതെ തനിക്ക് ഒറ്റയ്ക്ക് നില്‍ക്കേണ്ടിവന്നതായും അവര്‍ പറയുന്നു.

ഒരു തവണ 500 ഡോളര്‍ അടങ്ങിയ ഒരു കവര്‍ തന്റെ വീട്ടില്‍ ലഭിച്ചിരുന്നതായി ബെന്‍സോദ അല്‍ജസീറയോട് പറഞ്ഞു. ഇത് താന്‍ നിരീക്ഷണത്തിലാണ് എന്നതിന്റെ സൂചനയാണ് എന്നും അവര്‍ പറഞ്ഞു.

2015ല്‍ ഫലസ്തീനിലെ അതിക്രമങ്ങള്‍ സംബന്ധിച്ച് ബെന്‍സോദ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിറകെയാണ് ഭീഷണി നേരിട്ടത്.

തനിക്കെതിരായ സമ്മര്‍ദം ക്രമേണ വര്‍ധിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഒരു രഹസ്യ കൂടിക്കാഴ്ചയില്‍ വെച്ച് കോഹന്‍ നേരിട്ട് തനിക്ക് താക്കീത് നല്‍കിയെന്നും അവര്‍ പറഞ്ഞു.

2020ല്‍ ബെന്‍സോദയ്‌ക്കെതിരെ യു.എസ് ഉപരോധ നടപടി പ്രഖ്യാപിച്ചിരുന്നു. സ്വത്ത് മരവിപ്പിക്കലും ബാങ്ക് അക്കൗണ്ട് നിയന്ത്രണവും അടക്കമുള്ള നടപടികളായിരുന്നു നേരിടേണ്ടി വന്നത്. ഇതിന് പിറകെ ഐ.സി.സി പ്രോസിക്യൂട്ടര്‍ കരിംഖാനും ചില ജഡ്ജിമാര്‍ക്കും എതിരെയുള്ള നടപടികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Content Highlight: Ex-ICC prosecutor about Mossad intimidation on Israeli war crimes

 

Latest Stories

We use cookies to give you the best possible experience. Learn more