| Thursday, 11th June 2026, 1:00 pm

കോടിക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തു; ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മോദിക്ക് തുറന്നകത്തുമായി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന-യോഗ്യതാ പരീക്ഷകളില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന വീഴ്ചകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍.

അഖിലേന്ത്യാ, കേന്ദ്ര സര്‍വീസുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള 73 മുന്‍ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ‘കോണ്‍സ്റ്റിറ്റിയൂഷണല്‍ കണ്ടക്ട് ഗ്രൂപ്പ്’ ആണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.

പരീക്ഷാ നടത്തിപ്പിലെ ഇത്തരം വലിയ വീഴ്ചകള്‍ കോടിക്കണക്കിന് യുവാക്കളുടെ ഭാവിയും സ്വപ്നങ്ങളുമാണ് തകര്‍ത്തതെന്ന് പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി.

23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തെ തകര്‍ത്ത നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കത്തില്‍ ശക്തമായി അപലപിച്ചിട്ടുണ്ട്.
പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് ഈ പിഴവുകള്‍ പരിഹരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇവര്‍ കത്തില്‍ പറയുന്നു.

എല്ലാ കാര്യങ്ങളും കേന്ദ്രീകൃതമായി നടത്തുന്നതാണ് ഈ തകര്‍ച്ചയ്ക്ക് കാരണം. ബിരുദ, ഉന്നത പഠനങ്ങള്‍ക്കുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതാണ് ഇന്നത്തെ അവസ്ഥയ്ക്ക് വഴിവെച്ചതെന്നും കത്തില്‍ പറയുന്നു.

സി.ബി.എസ്.ഇ പരീക്ഷാ മൂല്യനിര്‍ണയത്തിനായി പുതുതായി കൊണ്ടുവന്ന ‘ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്’ ഡിജിറ്റല്‍ സംവിധാനവും വലിയ പരാജയമായി മാറിയെന്ന് കത്തില്‍ മുന്‍ സിവില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് തുടങ്ങിയ പ്രധാന വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിനിടെ കമ്പ്യൂട്ടര്‍ പോര്‍ട്ടലുകള്‍ തകരാറിലാവുകയും ഡിജിറ്റല്‍ പേജുകള്‍ കാണാതാവുകയും ചെയ്തു.

ഇതുമൂലം വിജയശതമാനത്തിലും മാര്‍ക്കുകളിലും വലിയ ഇടിവുണ്ടായി. തുടര്‍ന്ന് പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകളുടെ പ്രളയമാണുണ്ടായത്. ഇത് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്ക പരത്തി.

ഈ ഡിജിറ്റല്‍ സംവിധാനത്തില്‍ വലിയ സുരക്ഷാ വീഴ്ചകളുണ്ടെന്ന് ചില വിദ്യാര്‍ത്ഥികള്‍ തന്നെ കണ്ടെത്തിയിരുന്നു. കൂടാതെ, ഈ പരീക്ഷാ സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തിയ ‘കോംപ്റ്റ്’ എന്ന കമ്പനിയെ തെലങ്കാന സര്‍ക്കാര്‍ നേരത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായിരുന്നു. എന്നാല്‍, ടെണ്ടര്‍ വ്യവസ്ഥകളില്‍ മൂന്ന് തവണ മാറ്റം വരുത്തിയാണ് ഈ കമ്പനിക്ക് വീണ്ടും കരാര്‍ നല്‍കിയത്. മൂന്നാമത്തെ മാറ്റത്തില്‍ പ്രധാനപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും ഒഴിവാക്കി.

ഇതിനെത്തുടര്‍ന്ന് സി.ബി.എസ്.ഇ ചെയര്‍മാനെയും സെക്രട്ടറിയെയും മാറ്റിയ നടപടി വളരെ വൈകിപ്പോയതാണെന്നും ഈ അഴിമതിക്ക് പിന്നില്‍ ഉന്നതതലത്തിലുള്ള ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടി.

‘ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും കടുത്ത മാനസിക-സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോള്‍ നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കേവലം ഉദ്യോഗസ്ഥരെ മാത്രം പഴിചാരി രക്ഷപ്പെടാന്‍ മന്ത്രിക്ക് കഴിയില്ല.’, ഉദ്യോഗസ്ഥര്‍ കത്തില്‍ വ്യക്തമാക്കി.

നിലവിലെ പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും അല്ലെങ്കില്‍ പ്രധാനമന്ത്രി അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി, സി.ബി.എസ്.ഇ പരീക്ഷാ സംവിധാനം എന്നിവയെക്കുറിച്ച് സ്വതന്ത്രമായ ജുഡീഷ്യല്‍ അല്ലെങ്കില്‍ വിദഗ്ദ്ധ സമിതി അന്വേഷണം നടത്തണം, ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ അത്യാധുനിക സുരക്ഷാ പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കണം, ഡിജിറ്റല്‍ പരീക്ഷാ സോഫ്റ്റ്‌വെയറുകള്‍ രാജ്യവ്യാപകമായി ഉപയോഗിക്കുന്നതിന് മുന്‍പ് അവ കൃത്യമായി പരിശോധിച്ച് മൂന്നാം കക്ഷി ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും കത്തില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

Content Highlight: Ex-Civil Servants Say Education Minister Dharmendra Pradhan Must Resign

We use cookies to give you the best possible experience. Learn more