| Friday, 3rd April 2026, 7:09 pm

മെസിയെ മികച്ചവനാക്കിയത് അദ്ദേഹത്തിന്റെ ഈ ശീലം; തുറന്ന് പറഞ്ഞ് മുന്‍ ബാഴ്‌സ താരം

ഫസീഹ പി.സി.

ഫുട്‌ബോള്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. യൂറോപ്പിലെ ടോപ് ലീഗ് വിട്ടിട്ടും യുവതാരങ്ങള്‍ സ്‌പോട്ട്‌ലൈറ്റിലേക്കെത്തിയിട്ടും മിശിഹായോടുള്ള ആരാധകരുടെ ഇഷ്ടത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.

തങ്ങളുടെ പ്രിയ ലിയോ കളിക്കളത്തില്‍ നടത്തുന്ന മികവ് അവരെ എന്നും വിസ്മയിപ്പിക്കുന്നുണ്ട്. താരം ഗോളടിക്കുന്നതും ഗോളടിപ്പിക്കുന്നതുമെല്ലാം അവര്‍ക്ക് മധുരമുള്ള ഓർമകളാണ് സമ്മാനിക്കുന്നത്.

അതിനാല്‍ തന്നെ മെസിയെ കുറിച്ച് സംസാരിക്കാത്ത ദിവസങ്ങള്‍ ആരാധകരുടെ ജീവിതത്തില്‍ വളരെ കുറവാണ്. എം.എല്‍.എസിലേക്ക് കൂടുമാറിയിട്ടും ഇതിഹാസത്തെ കുറിച്ച് മറ്റ് താരങ്ങള്‍ സംസാരിക്കുന്നത് എന്നും ഇഷ്ടത്തോടെയാണ് കാല്‍പന്ത് പ്രേമികള്‍ കേള്‍ക്കാറുള്ളത്.

മാര്‍ക്ക് ബാര്‍ട്ര. Photo: Wikipedia.com

ഇന്റര്‍ മയാമിയിലും അര്‍ജന്റീനക്കായും മികച്ച പ്രകടനങ്ങള്‍ നടത്തവേ മുന്‍ ബാഴ്‌സലോണ ഡിഫന്‍ഡറുമായ മാര്‍ക്ക് ബാര്‍ട്ര മെസിയെ കുറിച്ച് സംസാരിക്കുന്നത് ചര്‍ച്ചയാക്കുകയാണ് ആരാധകര്‍. ഗോള്‍ അടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുമ്പോള്‍ മെസി സ്വയം കുറ്റപ്പെടുത്താറുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

പിന്നീട് കളിക്കളത്തിലെത്തുമ്പോള്‍ മികച്ച പ്രകടനം നടത്തി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും അതാണ് താരത്തെ മികച്ചവനാക്കിയതെന്നും ബാര്‍ട്ര കൂട്ടിച്ചേര്‍ത്തു.

‘മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് ശേഷം ലോക്കര്‍ റൂമില്‍ വെച്ച് സ്വയം ശപിക്കുകയും ഷര്‍ട്ട് പിടിച്ച് വലിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രണ്ടാം പകുതിയില്‍ കളത്തില്‍ തിരിച്ചെത്തി അദ്ദേഹം മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.

പിന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കും. ഇതാണ് അദ്ദേഹത്തെ ഏറ്റവും മികച്ചവനാക്കിയത്,’ ബാര്‍ട്ര പറഞ്ഞു.

ലയണൽ മെസി.

മാര്‍ക്ക് ബാര്‍ട്ര 2012 മുതല്‍ 2016 വരെയുള്ള നാല് സീസണുകളിലാണ് മെസിയോടൊപ്പം ബാഴ്സലോണയില്‍ കളിച്ചത്. ബാഴ്‌സയുടെ ലാ മാസിയ അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരം മെസിക്കൊപ്പം 74 മത്സരങ്ങളില്‍ കളത്തിലെത്തി. 2018ല്‍ താരം സ്പാനിഷ് ക്ലബ് വിട്ട് ജര്‍മന്‍ ടീമായ ബൊറൂസിയ ഡോര്‍ട്ടുമുണ്ടിലേക്ക് ചേക്കേറുകയായിരുന്നു.

Content Highlight: Ex Barcelona defender Marc Bartra talks about Lionel Messi

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more