| Tuesday, 23rd April 2019, 9:06 am

കോവളത്ത് ചൊവ്വരയില്‍ കൈപ്പത്തിയ്ക്ക് പകരം തെളിയുന്നത് താമര; വോട്ടെടുപ്പ് നിര്‍ത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം ചൊവ്വരയില്‍ ഇ.വി.എമ്മില്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. ചൊവ്വരയിലെ 151ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ വിലാസം സ്‌കൂളിലാണ് സംഭവം. പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍ ചുവന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്. 76 വോട്ടുകളാണ് ഇതുവരെ ബൂത്തില്‍ പോള്‍ ചെയ്തത്.

യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവിടെ ഇപ്പോള്‍ പോളിങ് നിര്‍ത്തി വെച്ചിരിക്കുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വോട്ടിങ് നിര്‍ത്തി വെച്ചിരിക്കുന്നത്. കോവളം എം.എല്‍.എ വിന്‍സന്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പരാതി ആദ്യമൊന്നും ചെവിക്കൊള്ളാന്‍ കമ്മീഷന്‍ തയ്യാറായില്ലെന്ന് വിന്‍സന്റെ എം.എല്‍.എ പറഞ്ഞു. പിന്നെ കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പോളിങ് നിര്‍ത്തിവെക്കുകയായിരുന്നുവെന്നും വിന്‍സന്റ് എം.എല്‍.എ പറഞ്ഞു.

പുതിയ കണ്‍ട്രോള്‍ യൂണിറ്റും ഇ.വി.എമ്മും എത്തിച്ച് വോട്ടിങ് പുനരാരംഭിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഇതുവരെ പോള്‍ ചെയത് 76 വോട്ടുകളുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങില്‍ റിപ്പോര്‍ട്ട് ചെയ്ത വോട്ടിംഗ് യന്ത്രത്തിന്റെ തകരാറില്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു.

വോട്ടിംഗ് യന്ത്രത്തെ കുറിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതിയുണ്ട്. അങ്ങനെ ഒരു പരാതി ഉയരുന്ന ഘട്ടത്തില്‍ ഓരോ ബൂത്തിലും വെക്കുന്ന വോട്ടിംഗ് യന്ത്രത്തിന് തകരാറില്ല എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പു വരുത്തണമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ചൊവ്വരയില്‍ വോട്ടിങ് യന്ത്രത്തില്‍ പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. വാസുകി പ്രതികരിച്ചിട്ടുണ്ട്.

ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വാസുകി പറഞ്ഞു. പ്രസ്തുത ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും വാസുകി ഫേസ്ബുക്കില്‍ കുറിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more