അപകട വിവരമണിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ചന്ദ്രബോസിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങളും ഫോണും പോലീസിന്റെ കൈയിലുണ്ടെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ ഇതിനെക്കുറിച്ച് പോലീസിനോട് ചോദിച്ചപ്പോള്‍ വസ്ത്രം പോലീസിന്റെ കൈയിലില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് കേസിലെ പ്രധാന തെളിവായ വസ്ത്രം പോലീസിന്റെ കൈയിലില്ലെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. ഈ വസ്ത്രങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. ആശുപത്രിയില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിക്കാനായില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
ചന്ദ്രബോസിന്റെ മൊഴി പോലീസ് രേഖപ്പെടുത്താത്തത് വലിയ വിവാദമായിരുന്നു. കോടതിയില്‍ നിര്‍ണായക തെളിവാകേണ്ട ഒന്നാണ് ചന്ദ്ര ബോസിന്റെ രക്തം കലര്‍ന്ന വസ്ത്രം. വസ്ത്രം ശാസ്ത്രീയ പരിശോധനകള്‍ നടത്തി തെളിവ് ശേഖരിച്ച ശേഷം കോടതിയില്‍ ഹാജരാക്കേണ്ടതും പൊലീസിന്റെ ചുമതലയാണ്. വസ്ത്രത്തില്‍, നിസാമിന്റെ ചോരപ്പാടുകളോ മറ്റോ ഉണ്ടെങ്കില്‍ അതും കേസില്‍ നിര്‍ണായക തെളിവാകേണ്ടതായിരുന്നു.