| Thursday, 21st August 2025, 3:14 pm

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ചാറ്റും പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ യുവതിയോട് ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്ന വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും പുറത്ത്. നേരത്തെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ തെളിവും പുറത്തുവന്നിരുന്നു.

നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ന്യൂസ്‌മലയാളമാണ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്.

ഗര്‍ഭഛിദ്രത്തിനായി രാഹുല്‍ മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായും എന്നാല്‍ മരുന്ന് കഴിച്ചാലുണ്ടാകാനിടയുള്ള അമിത രക്തസ്രാവം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് യുവതി പറയുന്നതായും ചാറ്റില്‍ കാണാം. ശേഷം ചാറ്റിനിടെ യുവതിയോട് രാഹുല്‍ മരുന്ന് കഴിച്ചോ എന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ചോദിക്കുന്നുമുണ്ട്.

തുടക്കത്തില്‍ വാട്സ്ആപ്പ് മുഖേനയാണ് ഇരുവരും ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. പിന്നീട് യുവതിയോട് ടെലഗ്രാമിലേക്ക് വരാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെടുന്നതായും ചാറ്റില്‍ കാണാം. തുടര്‍ന്ന് ടെലഗ്രാമിലൂടെയാണ് ഇരുവരും സന്ദേശങ്ങള്‍ അയച്ചത്.

ടെലഗ്രാമിലെ സന്ദേശങ്ങളിലാണ് രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിനായി നിര്‍ബന്ധിക്കുന്നത്. ആദ്യം രാഹുലേട്ടന്‍ എന്ന പേരില്‍ സേവ് ചെയ്തിരിക്കുന്ന കോണ്‍ടാക്ടിലേക്കാണ് യുവതി വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നത്.

പിന്നീട് ടെലഗ്രാമിലൂടെ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകൾ അടക്കമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹു കെയേഴ്‌സ് എന്ന നിലപാടോട് കൂടി തന്നെയാണ് രാഹുൽ യുവതിയുമായി ചാറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം ഒന്നിലധികം പരാതികള്‍ ഉയര്‍ന്നതോടെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിരുന്നു. തനിക്കെതിരെ ഒരു പരാതിയും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും തെളിവുകളില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടത്.

ഇന്ന് (വ്യാഴം) രാവിലെ ഹൈക്കമാന്‍ഡ് ഔദ്യോഗികമായി രാജി ആവശ്യപ്പെട്ടതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കാന്‍ സമ്മര്‍ദത്തിലായത്. രാഹുലിനെതിരെ ഹൈക്കമാന്‍ഡിന് പത്തോളം പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ എം.പിയുടെ മകള്‍ അടക്കം രാഹുലിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്.

പ്രാഥമിക പരിശോധനയില്‍ തന്നെ രാഹുലിനെതിരായ ആരോപണം ഗുരുതരമാണെന്ന നിഗമനത്തില്‍ ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ആരോപണം എപ്പോഴും ചിരിച്ചു തള്ളാനാകില്ലെന്നും രാഹുല്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. സ്നേഹ പ്രതികരിച്ചിരുന്നു. കൂടാതെ ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രാഹുലിനെതിരെ നിലപാടെടുത്തിരുന്നു.

Content Highlight: Chat forcing abortion also surfaced; More evidence against Rahul Mamkootathil

Latest Stories

We use cookies to give you the best possible experience. Learn more