കോഴിക്കോട്: ബെംഗളൂരുവില്‍ ഇരുനൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത നടപടി ആശങ്കയും വേദനയും സൃഷ്ടിക്കുന്നതാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിങ്ങളും ദളിതരും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൊടുംതണുപ്പില്‍ കുടിയൊഴിപ്പിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ലെന്നും കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞു.
മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാര്‍പ്പിട സൗകര്യം ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തപ്പെട്ട ഭരണകൂടം തന്നെ അവ ഇടിച്ചുനിരത്തുന്നത് നീതീകരിക്കാനാവാത്തതാണ്. മാനുഷിക പരിഗണനയും പുനരധിവാസവും ഉറപ്പുനല്‍കിയതിന് ശേഷമായിരിക്കണം ഔദ്യോഗിക കേന്ദ്രങ്ങള്‍ ഭൂമി പിടിച്ചെടുക്കല്‍ പോലുള്ള നടപടികളിലേക്ക് പ്രവേശിക്കേണ്ടതെന്നും കാന്തപുരം പറഞ്ഞു.
കിടപ്പാടവും സമ്പാദ്യവും രേഖകളും നഷ്ടപ്പെട്ട പാവങ്ങളെ അതിവേഗം പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉചിതമായ സ്ഥലം കണ്ടെത്തി എല്ലാവര്‍ക്കും പര്യാപ്തമായ പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കണം. അതുവരെ അടിയന്തിരമായ താത്കാലിക സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നും കാന്തപുരം പറഞ്ഞു.
ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയോടും മറ്റു സര്‍ക്കാര്‍ വൃത്തങ്ങളോടും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. കാന്തപുരത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍ പ്രദേശത്തെത്തി സമാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ടെന്നാണ് വിവരം.
ബെംഗളൂരുവിലെ ഫക്കീര്‍ കോളനിയിലെയും വസിം ലേഔട്ടിലേയും 300ലധികം വീടുകളാണ് കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. അഞ്ച് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന് വേണ്ടി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജി.ബി.എ)യുടേതായിരുന്നു നടപടി.
2500ലധികം ആളുകള്‍ ഇതോടെ പ്രതിസന്ധിയിലായി. ഖരമാലിന്യ സംസ്‌കരണത്തിനുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എല്‍) ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് വീടുകള്‍ പൊളിച്ചത്.
Content Highlight: Evictions in Karnataka; Government should intervene and find a solution quickly: Kanthapuram