| Monday, 25th May 2026, 2:46 pm

നമുക്ക് ഇവിടെ മേക്കപ്പ് അടക്കം സര്‍ട്ടിലാണ്, മീന എല്ലാ ലാംഗ്വേജിലും അഭിനയിക്കുന്നതുകൊണ്ട് കുടുങ്ങിപ്പോയി: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ റിയലിസ്റ്റിക് സ്വഭാവത്തെക്കുറിച്ചും മറ്റ് സിനിമാ ഇന്‍ഡസ്ട്രികളുമായുള്ള വ്യത്യാസത്തെക്കുറിച്ചും സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. മലയാളത്തില്‍ മേക്കപ്പ് അടക്കമുള്ള കാര്യങ്ങള്‍ വളരെ സര്‍ട്ടിലാണെന്നും എന്നാല്‍ എല്ലാ ഭാഷകളിലും മാറി മാറി അഭിനയിക്കുന്നത് കൊണ്ട് നടി മീന ഇവിടെ വരുമ്പോള്‍ പലപ്പോഴും പെട്ടുപോകാറുണ്ടെന്നുമായിരുന്നു മോഹന്‍ലാല്‍ തമാശരൂപേണ പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം.

കേരളത്തിന് പുറത്തേക്ക് കടക്കുമ്പോള്‍ സിനിമയുടെയും കഥാപാത്രങ്ങളുടെയും ലുക്കില്‍ വലിയ മാറ്റങ്ങള്‍ വരുമെന്നാണ് മോഹന്‍ലാല്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയത്.

‘മലയാളത്തില്‍ നിന്നും മാറിയാല്‍ കഥാപാത്രങ്ങളുടെ വസ്ത്രധാരണം മാറും. നമ്മള്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ പോയാല്‍ അവിടുത്തെ മൊത്തം കാര്യങ്ങളും വേറെയല്ലേ? അവരുടെ വസ്ത്രധാരണം, ഭക്ഷണരീതി, അവരുടെ വീട്, കള്‍ച്ചര്‍ എല്ലാം മാറും. തെലുങ്കില്‍ പോയാലും അങ്ങനെ തന്നെ. അത് അവിടുത്തെ എല്ലാ ആര്‍ട്ട് ഫോമിലും റിഫ്‌ളെക്ട് ചെയ്യും,’ മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍, മീന, ജീത്തു ജോസഫ് Photo: Reporter TV

മലയാള സിനിമ എന്നും റിയലിസത്തിന് പ്രാധാന്യം നല്‍കുന്ന ഒന്നാണെന്നും വസ്ത്രധാരണത്തിലായാലും മേക്കപ്പിലായാലും ഈ സ്വാഭാവികത മലയാളി സംവിധായകര്‍ നിര്‍ബന്ധം പിടിക്കാറുണ്ടെന്നും അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു. കഥാപാത്രത്തിന് ചേരാത്ത ആഡംബരം പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മനസ്സിലാകുമെന്നായിരുന്നു ലാലിന്റെ വാക്കുകള്‍.

‘നമുക്ക് ഇവിടെ കുറച്ചുകൂടി സര്‍ട്ടില്‍ ആയിട്ടുള്ള കാര്യങ്ങളാണ്. വെറുതെ ഒരു മുണ്ടുടുത്ത് ഷര്‍ട്ടിട്ട് പോകുന്നതിന് പകരം, അവര്‍ നല്ല മുണ്ടും ഷര്‍ട്ടുമൊക്കെയിട്ട് വന്നാല്‍ പ്രേക്ഷകര്‍ക്ക് ‘ഇയാള്‍ക്ക് ഇത് ഇടാനുള്ള യാതൊരു പാങ്ങും ഇല്ല, പക്ഷേ ഇട്ടിരിക്കുന്നു’ എന്ന് തോന്നും. മേക്കപ്പിന്റെ കാര്യവും അതുപോലെയാണ്. മീന എല്ലാ ലാംഗ്വേജിലും അഭിനയിക്കുന്നതല്ലേ, അങ്ങനെ പല ഭാഷകളില്‍ കറങ്ങി തിരിഞ്ഞ് ഇവിടെ വന്നിട്ട് കുടുങ്ങിപ്പോയി,’ മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ ഈ കമന്റിന് ചിരിയോടെയായിരുന്നു മീന മറുപടി നല്‍കിയത്. മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാളം ഭയങ്കര നാച്ചുറലാണെന്ന് മീന പറഞ്ഞു.

മീന Photo: Reporter TV

‘അങ്ങനെ പറയാന്‍ പറ്റില്ല. മറ്റ് ഭാഷകളെ വെച്ച് കംപയര്‍ ചെയ്യുമ്പോള്‍ മലയാളം ഭയങ്കര നാച്ചുറലാണ്. ഏത് ഭാഷയില്‍ സിനിമ ചെയ്താലും, മലയാളത്തില്‍ ഒരു സിനിമ ചെയ്താല്‍ ലഭിക്കുന്ന അംഗീകാരം അത് ഒന്ന് വേറെ തന്നെയാണ്,’ മീന വ്യക്തമാക്കി.

മലയാളത്തില്‍ അഭിനേതാക്കള്‍ക്ക് അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരാറുണ്ടെന്നായിരുന്നു ഇതിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞത്. സൂക്ഷ്മമായ ചലനങ്ങള്‍ക്ക് പോലും ഇവിടെ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇവിടെ നമ്മള്‍ ആക്ടിങ്ങില്‍ കുറച്ചുകൂടി ശ്രദ്ധിക്കും. ഇവിടെ ഒരു റോങ് ലുക്ക് വന്നാല്‍ കഥ മാറിപ്പോകും. ‘റാണി’ നമ്മളെ നോക്കുമ്പോള്‍ ശകലം മാറിപ്പോയാല്‍ എല്ലാം പോയി. ഇവിടെ എല്ലാം സര്‍ട്ടിലാണ്. അത് മലയാളത്തിലെ സംവിധായകര്‍ കുറച്ചധികം ശ്രദ്ധിക്കും. മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നില്ല എന്നല്ല ഞാന്‍ പറഞ്ഞത്.

ദൃശ്യം Photo: Aashirvad Cinemas

പക്ഷേ, ഇതിന്റെ റീമേക്ക് വരുമ്പോള്‍ അവര്‍ക്ക് കുറച്ചുകൂടി ഈസിയാണ്. പല റീമേക്കുകളിലും അതേ ഷോട്ട് തന്നെയാണ് അവര്‍ റിപ്പീറ്റ് ചെയ്തിരിക്കുന്നത്. ദോശയാണ് തിന്നതെന്ന് പറഞ്ഞ് ദോശ തന്നെ കൊടുക്കും, വേണമെങ്കില്‍ ഇഡ്ഡലി കൊടുക്കാം. എന്നാല്‍ പല സിനിമകളും റീമേക്കില്‍ മോശമായിപ്പോയിട്ടുണ്ട്. അതില്‍ ആവശ്യമില്ലാത്ത എന്തൊക്കെയോ ചേഞ്ചുകള്‍ വരുത്തുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്,’ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ദൃശ്യത്തിലെ റാണി എന്ന കഥാപാത്രത്തിന്റെ മേക്കപ്പുമായി ബന്ധപ്പെട്ട് ആ സമയത്ത് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോഴും ലിപ്‌സ്റ്റിക്കും മേക്കപ്പുമിട്ടാണ് റാണിയുടെ കഥാപാത്രം നടക്കുന്നതെന്നായിരുന്നു വിമര്‍ശനം. അന്ന് ഇതിന് സംവിധായകന്‍ ജീത്തു ജോസഫിന് മറുപടി പറയേണ്ടി വരികയും ചെയ്തിരുന്നു. മേക്കപ്പിന്റെ കാര്യത്തില്‍ മീനയെ കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും അവര്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ലെന്നായിരുന്നു ജീത്തുവിന്റെ മറുപടി.

Content Highlight: Everything is subtle here including makeup: Mohanlal

We use cookies to give you the best possible experience. Learn more