സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ വിജയിച്ച് സന്ദര്‍ശകര്‍ പരമ്പരയില്‍ ഇന്ത്യയ്‌ക്കൊപ്പമെത്തിയിരിക്കുകയാണ്. റായ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ തെംബ ബാവുമയും സംഘവും മറികടക്കുകയായിരുന്നു.
ഋതുരാജ് ഗെയ്ക്വാദിന്റെയും വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഗെയ്ക്വാദ് 83 പന്തില്‍ 105 റണ്‍സടിച്ചപ്പോള്‍ 93 പന്തില്‍ 102 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് ഏയ്ഡന്‍ മര്‍ക്രം (98 പന്തില്‍ 110), മാത്യു ബ്രീറ്റ്‌സ്‌കെ (64 പന്തില്‍ 68), ഡെവാള്‍ഡ് ബ്രെവിസ് (34 പന്തില്‍ 54) എന്നിവരുടെ കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
അന്താരാഷ്ട്ര ഏകദിനത്തില്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ആദ്യ സെഞ്ച്വറിയാണ് റായ്പൂരില്‍ പിറന്നത്. ടീമിന്റെ ടോപ് സ്‌കോററായെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനം കാരണം സെഞ്ച്വറി മധുരം വിജയത്തോടെ പൂര്‍ത്തിയാക്കാന്‍ ഗെയ്ക്വാദിന് സാധിച്ചില്ല.
ഋതുരാജ് ഗെയ്ക്വാദ്. Photo: BCCI/x.com
ഏകദിനത്തില്‍ മാത്രമല്ല, ഐ.പി.എല്ലിലും അന്താരാഷ്ട്ര ടി-20യിലും താരം ആദ്യ സെഞ്ച്വറി നേടിയപ്പോള്‍ ടീം പരാജയപ്പെട്ടിരുന്നു. ഇക്കൂട്ടത്തിലേക്കാണ് റായ്പൂര്‍ ഏകദിനവും ചെന്നെത്തിയിരിക്കുന്നത്.
2021 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഗെയ്ക്വാദ് ഐ.പി.എല്ലിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. അബുദാബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 പന്ത് നേരിട്ട താരം പുറത്താകാതെ 101 റണ്‍സ് നേടി. ഗെയ്ക്വാദിന്റെ കരുത്തില്‍ സൂപ്പര്‍ കിങ്‌സ് 190 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന്‍ റോയല്‍സിന് മുമ്പില്‍ വെക്കുകയും ചെയ്തു.
ഋതുരാജ് ഗെയ്ക്വാദ്. Photo: Chennai Super Kings/x.com
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ശിവം ദുബെയുടെയും (42 പന്തില്‍ 64*) യശസ്വി ജെയ്‌സ്വാളിന്റെയും (21 പന്തില്‍ 50) വെടിക്കെട്ടില്‍ 15 പന്തും ഏഴ് വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഗെയ്ക്വാദ് തന്നെയായിരുന്നു.
ഐ.പി.എല്ലില്‍ ഗെയ്ക്വാദ് രണ്ട് സെഞ്ച്വറികളാണ് നേടിയത്. 2024ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയായിരുന്നു താരത്തിന്റെ ഐ.പി.എല്‍ കരിയറിലെ രണ്ടാം സെഞ്ച്വറി. 60 പന്തില്‍ പുറത്താകാതെ 1058 റണ്‍സാണ് താരം നേടിയത്. അന്ന് ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലും അടിച്ചെടുത്തു.
എന്നാല്‍ മറുവശത്ത് മാര്‍കസ് സ്‌റ്റോയ്‌നിസ് എന്ന അതികായന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ സൂപ്പര്‍ ജയന്റ്‌സ് മൂന്ന് പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. 63 പന്തില്‍ പുറത്താകാതെ 124 റണ്‍സാണ് താരം നേടിയത്.
സെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച സ്‌റ്റോയ്‌നിസിനെ അഭിനന്ദിക്കുന്ന എം.എസ്. ധോണി. Photo: SuperGiantsArmy™ — LSG FC/x.com
ഓസ്‌ട്രേലിയക്കെതിരെയാണ് ഗെയ്ക്വാദിന്റെ അന്താരാഷ്ട്ര ടി-20 സെഞ്ച്വറി പിറന്നത്. ഓസീസിനെതിരെ ടി-20യില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തോടെ വെടിക്കെട്ട് നടത്തിയെങ്കിലും അന്നും വിജയം സ്വന്തമാക്കാന്‍ താരത്തിനും ഇന്ത്യയ്ക്കും സാധിച്ചിരുന്നില്ല.
2023ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തിലാണ് ഗെയ്ക്വാദ് സെഞ്ച്വറിയുമായി തിളങ്ങിയത്. 57 പന്ത് നേരിട്ട താരം 13 ഫോറും ഏഴ് സിക്‌സറും ഉള്‍പ്പടെ പുറത്താകാതെ 123 റണ്‍സ് നേടി. ഗെയ്ക്വാദിന്റെ കരുത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് അടിച്ചെടുത്തു.
ഋതുരാജ് ഗെയ്ക്വാദ്. Photo: BCCI/x.com
ഗെയ്ക്വാദിന്റെ സെഞ്ച്വറിക്ക് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ സെഞ്ച്വറിയിലൂടെയാണ് കങ്കാരുക്കള്‍ മറുപടി നല്‍കിയത്. മാക്‌സി 48 പന്ത് നേരിട്ട് പുറത്താകാതെ 104 റണ്‍സ് നേടി. മത്സരം ഓസീസ് വിജയിക്കുകയും ചെയ്തു.
അതേസമയം, നാളെ നടക്കുന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ മൂന്നാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് ഗെയ്ക്വാദ്. വിശാഖപട്ടണമാണ് വേദി. വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നതിനാല്‍ തീ പാറുന്ന പോരാട്ടത്തിനാണ് വിസാഖ് സാക്ഷ്യം വഹിക്കുക.
Content Highlight: Every time Ruturaj Gaikwad scored his first century, the team lost.