| Wednesday, 6th May 2026, 1:38 pm

ലോക്‌സഭയിലെ ഓരോ ആറാമത്തെ ബി.ജെ.പി എം.പിയും ജയിച്ചത് വോട്ട് ചോരിയിലൂടെ; രാഹുല്‍ ഗാന്ധി

നിഷാന. വി.വി

ന്യൂദല്‍ഹി: ലോക്‌സഭയിലെ ഓരോ ആറാമത്തെ ബി.ജെ.പി എം.പിയും ജയിച്ചത് വോട്ട് ചോരിയിലൂടെയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി.

ബി.ജെ.പിയുടെ തന്നെ ഭാഷ കടമെടുത്ത് കൊണ്ട് ഇത്തരത്തില്‍ ജയിച്ച് വന്ന എം.പിമാരെ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിക്കട്ടേയെന്നും അദ്ദേഹം ചോദിച്ചു.

ലോക്‌സഭയിലെ ആകെയുളള 240 ബി.ജെ.പി എം.പിമാരില്‍ ഏകദേശം ആറില്‍ ഒരാള്‍ വീതം ജയിച്ചത് വോട്ട് മോഷ്ടിച്ചാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയിലെ മുഴുവന്‍ സര്‍ക്കാരും നുഴഞ്ഞുകയറ്റക്കാരണെന്നും അദ്ദേഹം പരിഹസിച്ചു.

‘വോട്ടര്‍പട്ടികയില്‍ തിരുത്തലുകള്‍ വരുത്തിയും സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്തുമാണ് ബി.ജെ.പി ഇത്തരത്തില്‍ വിജയിക്കുന്നത്. ഈ സ്ഥാപനങ്ങളെല്ലാം ബി.ജെ.പിയുടെ പോക്കറ്റിലാണ്,’ അദ്ദേഹം പറഞ്ഞു.

നീതിയുക്തമായ തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ ഇന്ന് ബി.ജെ.പിക്ക് 140 സീറ്റുകള്‍ പോലും നേടാന്‍ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അസമിലേയും പശ്ചിമ ബംഗാളിലേയും ബി.ജെ.പിയുടെ വിജയം ജനവിധിയുടെ മോഷണമാണെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുളള ബി.ജെ.പിയുടെ ചുവടുവെപ്പാണെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ സന്തോഷിക്കേണ്ടതില്ലെന്നും തരംതാഴ്ന്ന രാഷ്ട്രീയം മാറ്റിവെച്ച് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Content Highlight: Every sixth BJP MP in the Lok Sabha won through vote rigging: Rahul Gandhi

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more